സ്വരാ നീ

സ്വരാ നീ പാടുന്നുണ്ടോ?
നിന്‍റെ സ്വരം ശ്രുതി ചേര്‍ത്ത്
എന്‍റെ മനം ഇന്നലെ പാടി
താളം, ഹൃദയത്തില്‍ തുടിച്ചു
എന്നോട് മന്ത്രിച്ചു..
.കാണാതെ മിഴി നനഞ്ഞെന്നു..

നിന്‍റെ കണ്ണുകളില്‍ സ്വപ്നങ്ങള്‍
കഥ പറഞ്ഞിരുന്നു..
കേള്‍ക്കാന്‍ കൗതുകം എങ്കിലും
കണ്ണുകള്‍ വിടര്‍ന്നത് നിന്നെ നോക്കി,
നിന്‍റെ വരികളില്‍ സ്നേഹരാഗം

സ്വരാ നീ പാടുന്നുണ്ടോ?
നിന്നെ തേടി വന്നിരുന്നു ഞാന്‍
നാം പാടി പൂത്ത വസന്തവനിയില്‍
ഒന്നും പറയാതെ പൂക്കള്‍ മൗനം
നിന്നെ കാണാതെ മൊഴി
കള്‍ ഇടറുന്നു
അനുസ്വരങ്ങള്‍ക്ക് നടുവില്‍ നീയുണ്ടോ?

മുല്ലപ്പെരിയാര്‍

ഇതാ ഇപ്പൊ പറഞ്ഞെ, "കേള്‍ക്കണോ നിങ്ങള്‍ക്ക്"...ഇത്രയും ദിവസം മനസ്സ് കഠിനമായി ഒരാലോചനയില്‍ മുഴുകീല്ല..മനുഷ്യ ജീവനുകളുടെ ഒരു ഞരക്കം മനസ്സില്‍ അലയടിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ചോര്‍ത്തിരിക്കുമ്പോളെക്കും.."ആടിന്‍റെ തവിട് തീര്‍ന്നു തുടങ്ങീന്നും മുറ്റത്തു പഴുത്ത മുളക് വീണു പോണെന്നും,മോള്ക്ക്സ്കൂളില്‍ കൊണ്ടോവാന്‍ കറിക്ക് ഒന്നുല്ലാന്നും, ,മുയലിനു തീറ്റ കൊടുത്തപ്പോ പൂച്ച മോങ്ങീന്നും  ഒക്കെ  പറയണകേട്ടു  എന്‍റെ തലയ്ക്കു മൂളക്കം കൂടി വരികയാ..

ഇന്നലെ സന്ധ്യക്ക്‌ , പച്ചക്കറി കടേല്‍ പോയപ്പോളാണ് ഒരു കാറ്റ് തുടങ്ങീതു.
ഈ കാറ്റ് ഇതൊരു  പന്തിയല്ല ."മനസ്സ് പറഞ്ഞു"...കുഞ്ഞമ്മദുക്ക പാവക്കേടെ,  വില പറയുമ്പോളെക്കും ഞാന്‍ അങ്ങോട്ട്‌ ചോദിച്ചു .ഈ കാറ്റൊരു ദുസ്സൂചനയാണല്ലേ? പിറകില്‍ നിന്ന കൊച്ചയാണ് മറുപടി തുറന്നു വിട്ടത്..ഓ ! അതോക്കെണ്ടാവും മോളെ മഞ്ഞു മാസല്ലേ വരണേ അതിന്‍റെ കാറ്റാ..അതിനിപ്പോളെ കാറ്റോ?.....'പാവം സമാധാനിക്കാന്‍   പറേണതാവും'..

 കുഞ്ഞമ്മദുക്കകെട്ടിത്തന്ന പച്ചക്കറികെട്ടു വാങ്ങി ആലോചനയോടെ നടന്നപ്പോ, മുള്ളന്‍ കുട്ടി(എന്‍റെ മോള് തന്നെ അല്ല പിന്നെ ) വേണ്ടതൊക്കെ വാങ്ങി കീശേല്‍ നിറച്ചു..ഓടി വന്നു ചേര്‍ന്ന് നടന്നപ്പോള്‍ ശ്രദ്ധിച്ചതാണ്.. ഇനിയതുംപറഞ്ഞൊരു തല്ലു കൂടലിന്  നില്‍ക്കാതെ, ഞാന്‍ വീണ്ടും ആലോചി ക്കാന്‍ തുടങ്ങി .. മുല്ല പെരിയാര്‍  മനസ്സില്‍ കിടന്നു അലതല്ലുകയാണ്..എങ്ങിനെയാ ഈ ജനങ്ങളെയൊക്കെ രക്ഷിക്കാന്‍ ആവുക? ?..കൂടുതല്‍ ചോദ്യങ്ങളും ,ഭക്ഷണങ്ങളും കൊണ്ടന്നു രാത്രി വയറു നിറഞ്ഞു..

കിടന്നിട്ടാണ് കേമം.കാറ്റിനു എന്തൊരു സുഖം..അത് മനസ്സിലേക്കെത്തുന്നില്ല..രാവു പുലരുമോ? ആ ചോദ്യമാണ് ഉറക്കത്തിലേക്കു വീഴും മുന്നേ കേട്ടത്..

ഉണര്‍ന്നപ്പോ കട്ടന്‍ ചായ ചൂടില്‍ ആവി പറക്കുന്നു ..മകള്‍ ആണ് ചൂടോടെ ഓടുന്നത്..അയ്യോ!സ്കൂളില്‍ പോകാന്‍ ആണല്ലോ..ഞാനും കൂടെ ഓടിത്തുടങ്ങി "ഇത്തിരി ചൂടോടെ തന്നെ, ആവി പറക്കുന്നത് എന്‍റെ തലയില്‍ കൂടെ ആയിരുന്നു"..കട്ടന്‍ ചായ അപ്പോളേക്കും തണുക്കാന്‍ തുടങ്ങി..

പത്രം തുറന്നു വാര്‍ത്ത മുഴുവന്‍ വിഴുങ്ങീട്ടും ഒന്നും കിട്ടീല്ല ..ഇനീപ്പോ പന്ത്രണ്ടരക്ക് എം പി മാര്‍ പ്രധാനമന്ത്രിയെ കണ്ടാലേ അറിയൂ കാര്യങ്ങള്‍..

ഇന്ന് സൂര്യന് തെളിച്ചമേ ഇല്ലല്ലോ ദൈവമേ..!എന്താവോ  ചിന്നി മഴയും ണ്ട്....ടിവി യില്‍ കാലത്ത് തുടങ്ങി" മുല്ലപ്പെരിയാര്‍ അലതല്ലുന്നുണ്ട്".."രക്ഷപ്പെട്ടോളൂ"  എന്നലറി വിളിക്കുന്നുണ്ടോ ആവോ..

ഓണ്‍ലൈന്‍ കേറി ഓടി  വന്നപ്പോ എന്‍റെ സുഹൃത്തിനോടായി ഞാന്‍..."ദേഷ്യം കൊണ്ട് എനിക്ക് പ്രാന്ത് പിടിക്കുകയാണ്,..'എന്തൊരു കഷ്ട്ടാണ്"..വിദ്ധ്യാഭ്യാസമുള്ളവര്‍ ചെയ്യണ പണിയാണോ?

എന്താണ്ടായെ?...

"അല്ല, ..ഒരാവശ്യോം കൊണ്ട് അങ്ങോട്ടേക്കു  ഓടിചെന്നിട്ടെന്താ കാര്യം"?

"അല്ല എന്താ നിനക്ക്"?

"ഇനീപ്പോ, ഒരു സമാധാന വാക്ക് അങ്ങേരു പറഞ്ഞു ശെരി,അതുകൊണ്ടെന്താ കാര്യം"?

"ആര് പറഞ്ഞു"?

"പ്രധാനമന്ത്രി"...

"ഓഹോ."..

"കേരളത്തിനു അനുകൂലമായി നടപടി ഉണ്ടായാല്‍ ഇനി തമിഴര്‍ വിടുമോ?"അവിടെ ഒരു ലഹള പൊട്ടി പുറപ്പെടില്ലേ"?

"ആ, ഏതെങ്കിലും ഒന്ന് പൊട്ടിപ്പുറപ്പെടും ഇങ്ങിനെയാണെങ്കില്‍" ..

"ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് ,"അദ്ദേഹത്തെ   പിടിച്ചുണര്‍ത്തി സമാധാന വാക്കും കേട്ട് ,ഇങ്ങോട്ടും അങ്ങോട്ടും ഓടീട്ടെന്താവോ കാര്യം ".."ഈ തമിഴരുമായി ഒരൊത്തു   തീര്‍പ്പുണ്ടാക്കി ചെന്നിരുന്നെങ്കിലോ? "ഈ പടിപ്പുപോലുമില്ലാത്ത  എന്‍റെ ബുദ്ധിയില്‍ തോന്നണത്,അവര്‍ക്ക് അറീല്ലേ?
ഇനീപ്പോ "സുപ്രീം  കോടതിയില്‍ " പോവണേനു മുന്നേ തമിഴരുമായി ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹത്തിന്‍റെ അനുവാദം ചോദിക്കാന്‍ ചെന്ന പോലെ ആയിയോ ?

ആ..., എന്തെങ്കിലുമൊരു ഒത്തു തീര്‍പ്പാകും..ചാറുന്ന മഴയും ,എന്‍റെ തലയ്ക്കു ചൂടുപിടിപ്പിച്ച കാറ്റും...

"അല്ല ,.."നിനക്കെന്താ പറ്റ്യേ പെണ്ണെ"? ഇനീപ്പോ മുല്ലപ്പെരിയാര്‍ പൊട്ടിയാലും നിന്‍റെ വയറു നിറയാന്‍ ഉള്ള വെള്ളം കാണില്ല"..പിന്നല്ലാതെ..

എനിക്ക് തൃപ്തിയായി..ഞാന്‍ എണീറ്റ്‌ മുറ്റത്തെ കരിയിലകള്‍ തൂത്തു വാരാന്‍ പോയി...




ഒരു ദിനം.

 
വാതോരാതെ സംസാരിച്ചതാണ്..,എന്നിട്ടും..?ഇനിയും മനസ്സ് നിറഞ്ഞിരിക്കുന്നത്‌ പോലെ..നിന്നോട് പറയാന്‍ തിടുക്കം കൂട്ടുന്ന ഒരുപാട് കാര്യങ്ങള്‍ ..'ശെരിക്കും ഭ്രാന്തു തന്നെ' അല്ലാതെന്താ പറയണേ ..,ഈ സ്വയം പഴിക്കലും കുറ്റപ്പെടുത്തലും നിര്‍ത്തിക്കൂടെ നിനക്ക്?ഹോ,ഈ ചോദ്യം കേട്ട് ഇച്ചിരി മനസ്സിന്റെ കഷ്ട്ടത കൂടുകേം കൂടെ ഉണ്ടാവുന്ന മടി കൊണ്ടടി മുടി മന്ദിക്കുകയും ചെയ്യുന്ന ഇവളോടെന്തു ... പറയാന്‍.., എന്ന് ചൊല്ലി "ചിന്തകള്‍" ഉള്ളിലേക്ക് വലിഞ്ഞു..
എന്റമ്മേ !സമയം പോയതറിഞ്ഞില്ലെട്ടോ..ഇനിയാണ് ഈ ദിവസത്തിന്‍റെ പൂരക്കളിയാട്ടം ..ഇനി ഈ ദിവസത്തിനോട് മല്ലടിച്ച് ഇതില്‍ വരുന്ന മിച്ചം സുഖിച്ചു ഭക്ഷിക്കാനായി കാത്തിരിക്കുകയാവും എന്‍റെ ചിന്തകള്‍ ..ഇന്നോരെണ്ണം തരില്ലെടി നിനക്ക്,നോക്കിക്കോ.
"ഉവ്വുവ്വേ".., ഇതും പറഞ്ഞങ്ങ് പോകും.."മോന്തിയാവുമ്പോ ,മോങ്ങിക്കൊണ്ട് വരും. എല്ലാം എന്‍റെ തോളതെടുത്തു വെക്കാന്‍"..'ഇവളുടെ ഒരുക്കോം മറ്റും കണ്ടാല്‍ തോന്നും ഒക്കേം അവളങ്ങു ഒറ്റയ്ക്ക് മറിക്കണതാണെന്നാ ..'ആ എന്താന്നു വെച്ചാല്‍ ആവു അല്ല പിന്നെ..,വരുമ്പോ കാണാട്ട..

ഓര്‍മ്മകളുടെ ഒതുക്കുകല്ലില്‍ ഉച്ചയുറക്കം കളഞ്ഞു വന്നിരിക്കുകയായിരുന്നു ..കളും കളും എന്നാ ശബ്ദത്തോടെ കുളത്തിലേക്ക്‌ ചാടുന്ന നിമിഷങ്ങള്‍ മുങ്ങിക്കുളിക്കുകയാണ് ..ഓ! ഇന്നെങ്കിലും അവരൊന്നു നീന്തി ത്തുടിക്കട്ടെ ..ഒരു കുളിരും ആവുല്ലോ..,നിന്‍റെ കൂടെ ചടഞ്ഞിരുന്നാല്‍ പാവം അറ്റുങ്ങളും പുകഞ്ഞു കത്തും..ഓ ! ദാ പറഞ്ഞു തീരും മുന്നേ നീ എത്തിയല്ലോ ,നിന്‍റെ ഒരു കുറവേ ണ്ടാരുന്നുള്ളൂ ട്ടോ..ഞാന്‍ ഉള്ളു പിടഞൊന്നു കരഞ്ഞാല്‍.ഉള്ളു തുടിച്ചൊന്നു ചിരിച്ചാല്‍ അവളവിടെ സന്നിഹിതയാണ്..ഇന്നവള്‍ക്കും സന്തോഷക്കൂടുതലാ ..അതുകൊണ്ടാ ഈ ചന്നം പിന്നം ചാറണേ..കവിളില്‍ , വീണ മഴത്തുള്ളികളെ തലോടിആകാശം പൂക്കുന്നത് പോലെ ചിരിച്ചു പോയി ..

ഇതാ ഇപ്പൊ കുറവുണ്ടായെ,ഇക്കിളി ഇടരുതെന്നു നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ ..എന്ത് പറയാനാ ..എന്‍റെ ചിരിയില്‍ അവനും സന്തോഷവാനാ..ഒരു മൂളിപ്പാട്ടും പാടി അവന്‍ എന്‍റെ മുടിയിഴകളെ പറത്തിക്കൊണ്ടു നൃത്തം വെച്ചു..

വസന്തം വിരിയിച്ചത് നിങ്ങളാണോ..?ഓ ചോദിക്കേണ്ട താമസം മഴയും കാറ്റും തലയിളക്കി..അത് കേട്ടിട്ടാവാം മാനത്തിരുന്നു പകലോന്‍ കുണ്ടിതപ്പെട്ടത്‌..'എന്തിനാ വിഷമിക്കണേ..?നിന്നോടും കൂടിയല്ലേ ചോദ്യം?നീയില്ലാതെ ആരും ഇല്ലല്ലോ..പിന്നെന്തിനാണീ പരിഭവം..

എന്‍റെ ദൈവങ്ങളെ ഇന്നുണ്ണികുട്ടനെ വിളിച്ചില്ലല്ലോ ..ഇന്നവന്റെ തെറി ഉറപ്പാ..അവനെ മറന്നിട്ടോന്നുമല്ലെട്ടോ..അവന്‍റെ കുറുമ്പിത്തിരി കുറക്കാനല്ലേ ഇടയ്ക്കു ഞാനും കുശുമ്പേടുക്കുന്നത് .ഹോ !ഓടീട്ടെത്തണ്‌മില്ല .,ഹയ്യോ! ദേ കിടക്കണ് പരിപ്പുവട, അവന്‍ വിളിച്ചിട്ടെടുക്കുന്നില്ല. "പിണങ്ങീട്ടാ" .
ഊതി വീര്‍പ്പിച്ച ബലൂണില്‍ നിന്നും കാറ്റ് പോകുന്നത് പോലെ എന്‍റെ സന്തോഷത്തിന്‍റെ വീര്യം കുറഞ്ഞു തുടങ്ങി..കണ്ണുകള്‍ നിറയുന്നുണ്ട്..
,ഇളിഞ്ഞ പല്ലുമായി നില്‍ക്കുന്ന 'ചിന്തകള്‍'കൊഞ്ഞനം കുത്തുന്നുണ്ടോ?


കഥയുടെ വേദന

കഥ വായിച്ചു.. "ഒരു പാടിഷ്ട്ടായി, എനിക്ക് ഈ അമ്മയെ"..കൂടെ മനസ്സില്‍ പൊഴിഞ്ഞു വീണ മൂകത, 'അമ്മയുടെ ഓര്‍മ്മകളുടെ നിഴലുകള്‍ ആയിരുന്നു..'

ഇരുളിന്‍റെ കനം തിങ്ങും മുറിക്കുള്ളിലെ  അമ്മയുടെ 'ഗന്ധം' മടുപ്പിക്കുന്നതാവുന്നോ, മക്കള്‍ക്ക്‌....?   'എന്‍റെ മൗനം അമ്മയുടെ അരികില്‍ നില്‍ക്കുകയാണ്,   'വേദനയോടെ'..    ,അമ്മയുടെ സ്നേഹത്തിന്‍റെ 'ഗന്ധം'   അറിയാത്ത ,  "മനസ്സിനെ"  ശപിക്കാതെ ,ഒരു തരം മരവിപ്പോടെ "പൊന്നില്ലാത്ത"  അരക്കിന്‍ "തോടയില്‍" വിരലോടിക്കുന്ന അമ്മ.......,   'ഒരു വശം തിരിഞ്ഞു കിടക്കുന്ന അമ്മ കരയുകയാണോ...?   'കരയാന്‍ തോന്നിയെനിക്ക്..,

'മുറിക്കുള്ളിലെ മടുപ്പിക്കുന്ന ഗന്ധം ഒറ്റപ്പെടലിന്‍റെ വിഴുപ്പുകള്‍ കുമിഞ്ഞു കൂടിയതാണ്..' എനിക്കസഹനീയ മായി തോന്നി ..മുറിക്കപ്പുറം   വെളിച്ചം കണ്ടപ്പോള്‍ എനിക്കല്‍പ്പം ആശ്വാസം തോന്നി..

'അല്ലെങ്കില്‍ പ്രഭാതം, 'മകന്‍റെ മണിമാളിക കണികാണണം ,   ഇച്ചിരി വെട്ടം കേറിക്കോട്ടെ, ന്ന ന്യായവും..ഇന്നെന്താപ്പോ ഇരുട്ടില്‍....'  ഇളയ മരുമകള്‍ 'തൊള്ളയിട്ടു'..

പ്രകാശനെ ഞാന്‍ വെറുപ്പോടെ നോക്കി..അയാള്‍ ഭാര്യക്കൊപ്പം മുറിയില്‍ ഇരുന്നു സോള്ളുകയാണ്..'പന്ത്രണ്ടു വയസ്സുകാരി കാ‍ന്താരി മകള്‍ പാട്ട് കേട്ടുല്ലസിക്കുന്നു..അതും,അച്ഛമ്മക്ക്‌ പണിത മുറി കയ്യടക്കി..

അവസാന തരി പൊന്നും കൊടുത്തപ്പോള്‍ അയാളുടെ  തൊണ്ടയിടറിയതാണ്.., 

അമ്മക്കിനി പൊന്നിന്റെ തരി ഇലല്ലോ? മകന്‍റെ വീടുപണി തീരുന്നതു കണ്ണില്‍ കണ്ടപ്പോള്‍ അവരുടെ മുഖം  വെളിച്ചം കൊണ്ടു...സ്നേഹത്തോടെ അമ്മ ചിരിച്ചു..


അമ്മക്കുള്ള മുറിയുടെ വര്‍ണ്ണനകള്‍ കേട്ട് സന്തോഷം കൊണ്ടിട്ടല്ല..,മകന്‍റെ മൂന്നു വര്‍ഷത്തെ 'ആഗ്രഹം'  പണിതീര്‍ത്തെടുക്കാന്‍ ‍..ആയിരുന്നെന്നു,  ജീവിതത്തിന്‍റെ ഉദിച്ചു നില്‍ക്കുന്ന  കാലം അയാളെ ഓര്‍മ്മപ്പെടുത്തില്ലല്ലോ

അല്ലെങ്കിലും  അവന്‍ ഒന്നും ഓര്‍ക്കുന്നില്ല  ,അവരുടെ മാര്‍ ചുരത്തിയ മുലപ്പാലിന്റെ അവസാന തുള്ളിയും കഴിഞ്ഞു, 'ചോരയും ' അവന്‍ രുചിച്ചത്..

'ആശകളുടെ മാളികപ്പുരയില്‍ ഉന്മാദിനിയായി ഭര്‍ത്താവിനോത്തു  സസുഖം   ജീവിക്കാന്‍,   ' വിഴുപ്പുകള്‍ ചുമന്നിരുന്ന  ദിവസങ്ങളെ ഇരുളിന് കൂട്ടായി വലിച്ചെറിഞ്ഞു, മാതൃത്വത്തിനെ കുഴിച്ചു മൂടിയവര്‍ "

"എനിക്ക് വൈകുന്നേരമായില്ലേ മകനെ"...  'അമ്മയുടെ ദൈന്യത........, എന്‍റെ ചെവിയില്‍ ഇടതടവില്ലാതെ അലയടിച്ചു...

"മീന്‍ വാങ്ങണ്‌ണ്ടാ"........?   'മുറ്റത്ത്‌  "കൊച്ചു അരയത്തി"   നീട്ടി വിളിക്കുന്നു ...' ഈ പെണ്ണിതെവിടെയാ' അമ്മായി ക്ക്" ശുണ്ടി ...""

 ഹോ!നേരം വെളുത്തപ്പോ ഇരുന്നതാ..,  "ഈ ശ്രീനി ബാലുശ്ശേരി" എന്നെ വിഷമിപ്പിച്ചു ട്ടോ....,

'മടിയിലിരുന്ന   പുസ്തകം മേശ മേല്‍ വെച്ചു'

ദാ.., 'വരാണ്   "അമ്മെ "...,  "എന്താച്ചാ വാങ്ങിക്കോളു"    ..

'ദേവതാരം'

വീണ്ടും പറ്റിക്കാന്‍ വന്നിരിക്കുന്നു ..അയാള്‍ക്ക്‌ ഒരേ നിലപാടാണ്.."ഇത് 'ദേവതാരം' തന്നെ"..ഞാന്‍ അല്ലെന്നും ..വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലരണ്ണന്‍ എന്നെ പറ്റിച്ചതാ 'ഏഴു വര്ഷം കഴിയണം, ഏഴു തട്ടാകണം' എന്നാലെ പൂവിടു എന്നൊക്കെ ധരിപ്പിച്ചു ആ പൂചെടിക്കാരന്‍ എനിക്ക് ദേവതാരം തന്നു..കൌതുകത്തോടെ ഞാന്‍ എന്ത് നിറമാണെന്ന് ചോദിച്ചു, ."ചുവപ്പും മഞ്ഞയും ഉണ്ട്,ഇത് മഞ്ഞ പൂത്താല്‍ നല്ല അഴകായിരിക്കും ചേച്ചീ..‍..എന്തായാലും എന്റെ ദേവതാരം ഒരു മരമായിക്കഴിഞ്ഞു..അങ്ങിനിരിക്കെ പൂക്കുന്നില്ലെന്നു സങ്കടത്തോടെ ഞാന്‍ എല്ലാവരോടും പറഞ്ഞു..'ഒരിക്കല്‍ ഒരു വഴിനടക്കാരി ,ഇത് "ദേവതാരം" അല്ലെ?
അതെ"..
"എങ്കില്‍ ഇത് "ആണാവും" അതാണ്‌ പൂക്കാത്തത്" .മാത്രമല്ല ദേവതാരം രണ്ടെണ്ണം വേണം ആണും പെണ്ണും എന്നാലെ പൂക്കു എന്ന്..
കേക്കണേ കഥ എനിക്ക് മടുത്തു പിന്നെയും വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു..ദേവതാരം അങ്ങകലെ ആയി..
എന്നിലിന്നും മനസ്സില്‍ എന്‍റെ ദേവതാരം അത് തന്നെയാണ്..പൂക്കള്‍ എങ്ങിനിരിക്കും?..അതൊരു ചോദ്യമായി തന്നെ കിടന്നു...ദാണ്ടേ ഇന്നൊരാള്‍..ഒരണ്ണന്‍ തന്നെ നട്ടുച്ചയ്ക്ക് പൂചെടികളുമായി..ചോദിക്കാതെ തന്നെ ദേവതാരം എടുക്കു ചേച്ചി എന്ന്...കണ്ടപ്പോള്‍ എനിക്ക് കലിവന്നു..
  തന്നോടാരാ ഇത് ദേവതാരം എന്ന് പറഞ്ഞെ? 'ഞാന്‍ ചോദിച്ചു,...അയാള്‍ ഒരുഗ്രന്‍ "പ്രസംഗം" നടത്തി..'എന്ത് പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല, ..എനിക്കൊരു ചെടിയും വേണ്ട'..ഞാന്‍ സങ്കടത്തിലായി. തിരിഞ്ഞു നടന്നപ്പോള്‍ അയാള്‍ വിളിച്ചു പറഞ്ഞു ..ചേച്ചി ഒരു കാര്യം ചെയ് ..ഈ കാര്‍ഡ്‌ അങ്ങ് വാങ്ങ്യേ..
എന്തിനു? എന്‍റെ സംശയം.."ഇത് വാങ്ങു"... "എന്ന്" ചേച്ചിക്ക് സംശയം തീരുന്നോ, അന്ന്' ..."അന്ന്" 'ഈ നമ്പറില്‍' വിളിച്ചു പറയണം, ഇത് ദേവതാരം അല്ലെങ്കില്‍" ..ഉവ്വേ ഇതുതന്നെ ഞാന്‍ വിളിച്ചു പറഞ്ഞിരിക്കും ‍..ഞാന്‍ ഏറ്റു...
ഓടി വന്നു നെറ്റില്‍ സെര്‍ച്ച്‌ ചെയ്തു....സംശയം പിന്നെയും ബാക്കിയായി അല്ലാതെന്തു...

നഷ്ട്ടം


എനിക്ക് നീ നഷ്ട്ടം
ഹൃദയം പേറും
മനസ്സ് ഭ്രാന്തമാക്കും   
ജീവിതം പീഡനമാക്കും 
 
നഷ്ട്ടം

ഞാന്‍ കരയുകയാണ്
എന്‍റെ കണ്ണുനീര്‍
ചുമക്കുന്നത്
നഷ്ട്ടങ്ങളുടെ
 കണക്കുപെട്ടിയില്‍
മുറിവേറ്റ ഹൃദയം

അക്ഷരങ്ങളുടെ
 കത്തി മുനയില്‍
ഒരിക്കല്‍ നിന്‍
രക്തം പുരളും
അന്നെനിക്ക് നീ
സ്വന്തമായിരിക്കും

മൗനം

എന്‍റെ മൗനങ്ങള്‍
എന്‍റെ സങ്കടങ്ങളായിരുന്നു
എന്‍റെ മൗനങ്ങള്‍
എന്‍റെ കണ്ണുനീരായിരുന്നു
എന്‍റെ മൗനങ്ങള്‍
... എകാന്തതതയുടെ ഇരുളില്‍
പകല്‍ കാണാതെ പിടഞ്ഞു
മൗനങ്ങളെ ഹൃദയത്തില്‍ പൂട്ടിയിട്ടു
ഞാന്‍ ജീവിതത്തെ വെളിച്ചം കാണിച്ചു
ജീവിതം എന്നെ വഴി നടത്തവേ
മൗനത്തിന്‍റെ മൂല്യം ഞാനറിഞ്ഞു
എന്നിട്ടും മൗനിയാകാന്‍ കഴിഞ്ഞില്ല
എനിക്ക് ഞാനാകണം
എന്നെന്‍റെ മൗനം വിതുമ്പി..

ആശ്വാസം



ഈ നിര്‍വികാരത
നിന്നോടുള്ള സ്നേഹത്തില്‍
ജനിച്ചത്‌
ഹൃദയത്തില്‍ നീ ഏകിയ
സുന്ദരസ്വപ്നങ്ങളില്‍
ജനിച്ചത്‌
ഈ വിരക്തി
നീ നഷ്ട്ടമായപ്പോള്‍
ജനിച്ചത്‌
നഷ്ട്ടങ്ങളുടെ കത്തി മുനയില്‍
പിടഞ്ഞ ജീവിതം ജനിപ്പിച്ചത്
ഈ മൗനം
ഏകാന്തതയുടെ ലാവയില്‍
ജനിച്ചത്‌
സ്നേഹം തളര്‍ത്തിയ മനസ്സില്‍
ജനിച്ചത്‌ .
മടുത്തെന്നു തോന്നിയത്
ജീവിതം
ജനിച്ചത്‌ അറിഞ്ഞില്ല
മരിക്കുമ്പോള്‍ അറിയുന്നു
അതൊരു വേദന..
വെളുത്ത പുഷ്പങ്ങള്‍ നീട്ടി
സ്നേഹമെന്തെന്നറിഞ്ഞവര്‍
അവിടെ കാത്തു നില്‍പ്പുണ്ടാവും
ആശ്വാസം!!

ശിശുദിനം


കുട്ടിത്തം കുട്ടികള്‍ക്ക്
മാത്രമോ?
കുട്ടിമനസ്സുമായി ഓമനേ
നാം പിന്നിട്ട ദൂരം ഏറെ
മിഴികളില്‍ കുസൃതിയും
പുഞ്ചിരിയില്‍ നൈര്‍മ്മല്യവും
വാക്കുകളില്‍ വാത്സല്യവും
സ്നേഹത്തില്‍ നിഷ്കളങ്കതയും
നിന്നോടൊത്തു ഞാനും
പൂത്തുമ്പിയായ്
ശലഭമായ്
കുഞ്ഞിക്കിളിയായ്‌
മഴ വെയില് കൊണ്ടു
ല്ലസിച്ചെത്ര നാള്‍
ഇനിയും തുടരാം
ശിശുക്കളെ നോക്കി പുഞ്ചിരിക്കാം
ശിശുത്വം മനസ്സിലേറ്റി
മരിക്കും വരെ...

ചുവന്ന ചെമ്പരത്തി


ഇതള്‍ നനഞ്ഞു നില്‍പ്പൂ
ഈതുലാമഴയില്‍  നീ
ചുവന്ന ചെമ്പരത്തി
ഈറമായെന്‍  മിഴികളും
നിന്നോര്‍മ്മകളില്‍

വര്‍ഷങ്ങള്‍ പിന്നോട്ട്
ഓടിത്തളര്‍ന്നു നിന്നപ്പോള്‍
ഈര്‍ക്കില്‍ കെട്ടുമായ്
ഇറയത്തു നിന്ന്
വാര്‍ധക്യത്തിന്‍ നിലവിളി

വാങ്ങി രണ്ടു കെട്ടുകള്‍
നീട്ടി ഞാന്‍ തുട്ടുകള്‍
കൈത്തണ്ടയില്‍ ഇരുന്നു
വെള്ളിത്തുട്ടുകള്‍ വിറച്ചു

പല്ലില്ലാത്ത മോണ ചിരിച്ചു
സ്നേഹം തലോടുന്നപോല്‍

പിന്നെ സായാഹ്ന നേരങ്ങള്‍
നിന്‍ കഥകള്‍ കേട്ടു പുഞ്ചിരിച്ചു
അടുക്കളത്തിണ്ണമേലിരുന്നു
സാകൂതം ഞാനും കേട്ടിരുന്നു

അന്നൊരിക്കല്‍ പുലയത്തള്ളയെ
കൂടെയിരുത്തി യാത്രയെന്ന്
അടക്കം പറഞ്ഞയലത്തിരുന്നാരോ
കരുണയോടെ കണ്‍നിറഞ്ഞന്നേരം
ഇക്കയ്യിലമ്മയെ ചേര്‍ത്ത് നിര്‍ത്തി

ചുവപ്പ് ചെമ്പരത്തി ഇഷ്ട്ടമെന്നു
ചൊല്ലി ഒന്നേ ഒരിക്കല്‍ ഞാന്‍
മുറ്റം നിറച്ചു നട്ടമ്മ പലനിറങ്ങള്‍
നനച്ചു വളര്‍ത്തിയതുമമ്മ തന്നെ
മതിലോളം വളര്‍ന്നുയര്‍ന്നു നിന്നു

വടക്കേ പറമ്പില്‍ നിന്നസ്ഥിപ്പുക
വാനിലെക്കുയരുന്നെന്നമ്മയോപ്പം
അവ്യക്തമാകുന്നേന്‍  കണ്ണീര്‍തുളുമ്പി
തേങ്ങലിലെന്‍  വിളി കേട്ടോ അമ്മെ?

ഇല കാണാതെ വിരിഞ്ഞു നിറഞ്ഞ
പൂക്കളില്‍ തഴുകി ഞാന്‍ ഗദ്ഗദം
അമ്മ തന്‍ ഉണങ്ങിയ
കവിളില്‍ തലോടും പോല്‍

സായാഹ്ന വേളകളീ ചില്ല് ജാലകം
അറിയുന്നു അമ്മ തന്‍ കരസ്പര്‍ശം






നൂല്‍ പാതകള്‍


ഏടുകള്‍ പഴകിയെന്നാലും
അക്ഷരങ്ങള്‍ കറുത്തിരുന്നു
നനവ്‌ പടര്‍ന്നിട്ടും
മായാതെ മനസ്സില്‍ തുറിച്ചു നിന്നു

മറഞ്ഞ  കഥയിലെബാലികയും
അരങ്ങില്‍ ചമഞ്ഞ നായികയും
പുഞ്ചിരി പൂത്തിട്ടു മൗനിയായി
വിടരാതെ വാടി നില്‍പ്പതിന്നും

കൊഴിഞ്ഞു പോം ഏടുകള്‍
മറിച്ചിടനായ്
പകലിനെ  മുറിച്ചു വ്രണിതമാക്കി
രാവിനെ ഉറക്കാതെ കരഞ്ഞു കണ്ണ്

നീ

കൊഴിഞ്ഞൊരു ദിനം
കണ്ണുകള്‍ നിറഞ്ഞ നീലിമ
പാടം നിറയെ പൂത്ത
വാഴപ്പൂക്കള്‍ തന്നുടെതു

പേര് നീ ചൊല്ലി യന്നു
മിഴികള്‍ വിടര്‍ന്നു സുസ്മിതം
ഒരുകുല പ്പൂക്കള്‍ നീട്ടവേ
സ്വന്തമെന്ന സായൂജ്യമറിഞ്ഞു ഞാന്‍

ആകാശം നിറഞ്ഞ  നീലിമ
മനസ്സ് നിറഞ്ഞത്‌ പോലെ
നിന്‍  പുഞ്ചിരിയില്‍ പകലുകള്‍
ആദ്യമായ് ശോഭിതമായെന്നില്‍

കാലം കൊഴിഞ്ഞു വീണപ്പോള്‍
എന്തിനെന്നറിയാതെ നീയകന്നും പോയ്‌
വിജനമാം വിദൂരതയില്‍
കണ്ണുംനട്ടു ഞാനിന്നേകയായ്

മഴ വന്നു വെയില്‍ വന്നു പോയ്‌
പാടം കവിഞ്ഞു വരണ്ടു പോയ്‌
ഒരു ഗദ്ഗദം ഞാനറിയുന്നു
നീയില്ലാത്ത പകലുകളിലെയന്യത

.ഈ യാത്ര

ഇനിയുമീ യാത്ര തുടരേണം ഞാന്‍
നിനക്ക് വേണ്ടി മാത്രം ഉണ്ണീ

പുകഞ്ഞു കത്തും ബോധതലങ്ങളും
മടുത്ത മനസ്സിന്‍ ഏടുകളും

പിളര്‍ന്ന ഹൃദയത്തില്‍ ശൂന്യതയും പേറി
ഇനിയുമീ യാത്ര തുടരേണം ഞാന്‍

സനാഥയായിട്ടും അനാഥയായ്
നിന്ദകളേറ്റുവാങ്ങി

പഴികളുടെ കൂര്‍ത്ത മുനകളില്‍
കോര്‍ത്തു ‌ ഹൃദയവും

ഇനിയുമീ യാത്ര തുടരേണം ഞാന്‍

കാരുണ്യവും സ്നേഹവും കൈപ്പറ്റി
കനിവുപൊലുമില്ലെനിക്കു സ്നേഹവും

കാലമെനിക്ക് നല്‍കുന്നു നിറകയ്യാല്‍
വിറപൂണ്ട മനസ്സില്‍ നീയും പടിയിറങ്ങി

ഇനിയും യാത്ര തുടരേണം ഞാന്‍..

മണല്‍ തീരം പറഞ്ഞത്

മണല്‍ തീരം ശാന്തമാണ്.‌. 'ശാന്തമായൊരു മൂകതയില്‍ "തിരമാലകള്‍ .വായാടിയെപ്പോലെ കഥയില്ലാത്തൊരു പെണ്ണായി .....അറ്റമില്ലാത്ത  കടലിലേക്ക്‌  കണ്ണുകള്‍  അറ്റം  തേടി  നീങ്ങിക്കൊണ്ടിരുന്നു .  അവളുടെ ഹൃദയതാളം കാറ്റിനൊപ്പം തിരകളിലെത്തി കടലിനൊപ്പം തുള്ളിക്കൊണ്ടിരുന്നു..  അയാളുടെ നിശ്വാസം കവിളില്‍ പതിഞ്ഞപ്പോള്‍
...അവളുടെ ഈറന്‍ കണ്ണുകള്‍  അവളറിയാതെ അടഞ്ഞു .ഒരു വിറയലോടെ കൈകള്‍ മണല്‍ തരികളില്‍ പരതി....അയാളുടെ സ്പന്ദനം തന്നിലേക്ക്  കുറ ച്ചുകൂടി യടുത്തെങ്കില്‍  എന്നവളുടെ  കവിളിലേക്കു പടര്‍ന്നുകയറിയ  "മോഹം"  തിടുക്കം കൂട്ടി.അയാളുടെ ചുണ്ടുകള്‍ അപ്പോള്‍ അവളുടെ കവിളുകളില്‍ മൃദുവായമര്‍ന്നു..  കാതുകളില്‍ അയാളുടെ സ്നേഹ മന്ത്രങ്ങള്‍.പിറ് പിറുത്തു..അവളെ അമര്‍ത്തി ചുംബിച്ചു കൊണ്ടയാള്‍ തുടര്‍ന്നു.."നീയില്ലാതെ"  'നിന്‍റെ സ്നേഹമില്ലാതെ'...     എനിക്ക് വയ്യ..നീ  എന്‍റെതു   മാത്രമാണ്..

അയാളുടെ സ്വരം ഇടറി..കടപ്പടുകളുടെയും ,ഉത്തരവാദിത്ത്വങ്ങളുടെയും   നീര്‍ചുഴിയിലേക്കയാള്‍     പെട്ടെന്ന് വഴുതിവീണു.. മനസ്സ് ഞെരുങ്ങിയപ്പോള്‍ അയാള്‍ക്ക്‌ ശ്വാസം മുട്ടി..എന്‍റെ പ്രണയം ഓര്‍മ്മത്താളുകളിലേക്ക്  അടര്‍ന്നു വീഴാറായി നില്‍ക്കുകയാണോ?

എന്‍റെ പ്രണയിനി ,എന്‍റെ ചുംബനം കൊണ്ട് മോഹങ്ങളുടെ  പട്ടുമെത്തയില്‍ എന്നോടൊപ്പം ശയിച്ചവള്‍.. എന്നിലില്ലാതാവുമോ  ?അയാളുടെ ബോധ തലം ചൂടുപിടിക്കുകയായിരുന്നു

ഈ എരിഞ്ഞടങ്ങും നേരത്ത് എന്നിലേക്ക്‌ പറ്റിചേര്‍ന്നിരിക്കുന്ന ഇവളെ ഞാന്‍ ഏതു കൊട്ടാരത്തിലെക്കാനയിക്കണം..മോഹങ്ങളും  യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വാക്കേറ്റമായി..

അയാള്‍ക്ക്‌ അവളെ മുഴുവനായി തന്നിലെക്കലിയിക്കാന്‍ തോന്നി..ആരും കാണാതെ തന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമായോളിപ്പിക്കാന്‍    തോന്നി...        


അയാളുടെ മൗനം അയാളെ സ്വയം പഴിക്കാന്‍ തുടങ്ങി.....ത്ഴുകിയകലുന്നത്   ഉഷ്ണക്കാറ്റാ ണല്ലോ?.. അയാള്‍ വിയര്‍പ്പില്‍ അസ്വസ്ഥനായി..

സൂര്യന്‍ കടലിനിടിയിലെ   സ്വപ്ന കൊട്ടാരത്തിലേക്ക് താഴാന്‍ തുടങ്ങി...സ്വപ്നങ്ങള്‍ കണ്ടു മയങ്ങാന്‍..

അവരുടെ മോഹങ്ങളുടെ ചരടഴിഞ്ഞു വീണപ്പോള്‍ ..അവളുടെ കുപ്പിവളകള്‍ പൊട്ടി അയാളുടെ നെഞ്ചിലമര്‍ന്നു,,

അയാളുടെ നെഞ്ചിലെ ദുഃഖങ്ങള്‍ വികാരങ്ങളുടെ കുത്തൊഴുക്കില്‍ പെട്ടു..അവളുടെ മുത്തുമാല പൂഴിമണലിലേക്ക്   പൊട്ടി വീണു ചിതറി...

വീശിയകന്ന ഉഷ്ണക്കാറ്റില്‍ ദുഖങ്ങളും കണ്ണുനീര്‍ത്തുള്ളികളും     അലിഞ്ഞലിഞ്ഞില്ലതെയായി...

ഒടുവില്‍ നിശ്വാസങ്ങള്‍ മാത്രം കേള്‍ക്കനായപ്പോള്‍ മണല്‍തരികളില്‍ അഴിഞ്ഞുകിടന്ന അവളുടെ മുടിയിഴകളില്‍ മുഖം ചേര്‍ത്തയാള്‍   തളര്‍ന്നു മയങ്ങി...

കടലിനടിയിലെ കൊട്ടാരം അവര്‍ക്കായി തുറക്കുകയായിരുന്നു..മുത്തുകളും വൈരങ്ങളും പതിച്ച ഉടയാടകള്‍ അണിഞ്ഞു  തന്‍റെ പ്രണയിനി..അവളുടെ പുഞ്ചിരിയില്‍ അയാള്‍ ചുണ്ടുകള്‍ അമര്‍ത്തി..ഇറുകെ പുണര്‍ന്ന കൈകളില്‍ ഒരു ശൂന്യത..അയാള്‍ ചാടിയെഴുന്നേറ്റു

കൂരിരുട്ടില്‍ തപ്പിത്തടഞ്ഞു.. പാതിമറഞ്ഞ നിലാവിന് മങ്ങിയ വെട്ടം.അയാള്‍ക്ക്‌ വഴിമുട്ടി....അയാള്‍ ചുറ്റും പരതി..പൊട്ടിയ വളപ്പൊട്ടുകളും മുത്തുകളും..മണല്‍ തരികളോടൊപ്പം    അയാളുടെ കൈകളിലിരുന്നു   വിറച്ചു...അയാള്‍ ഒരു ഭ്രാന്തനെപ്പോലെ ആര്‍ത്തിരമ്പുന്ന കടലിനെ ലക്‌ഷ്യം വെച്ചു.....






അയാളുടെ കാതുകളില്‍ അവളുടെ പൊട്ടിച്ചിരി മുഴങ്ങി..തന്‍റെ കരവലയത്തിലമര്‍ത്തി അയാള്‍ അവളെ തഴുകികൊണ്ടിരുന്നു..




ഏകാന്തതയുടെ തടവുകാരി

അശ്രദ്ധയാണെന്‍റെ  നാശം
മറവിയാണെന്‍റെ    വിപത്ത്
കോപ മാണെന്‍റെ  ദൂഷ്യം
മുനയുള്ളമൊഴികളാണെന്‍റെ  ദോഷം
അക്ഷമയാണെന്‍റെ  ശത്രു
അറ്റമില്ലാ  ചിന്തകളാണെന്‍റെ  മിത്രം


ഓര്‍മ്മകളാണെന്‍റെ ശാപം
ദുര്‍ബല മനസ്സാണെന്‍റെ  തോല്‍വി
നഷ്ട്ടങ്ങളാണെന്‍റെ ഗദ്ഗദം
നിന്ദയാണെന്‍റെ പ്രതിഫലം
സ്നേഹമാണെന്‍റെ ദുഃഖം
കണ്ണുനീരാണെന്‍റെ   വിധി

പുഞ്ചിരിയുടെ മുഖപടമണിയും
ഞാന്‍, "ഏകാന്തതയുടെ തടവുകാരി"

തത്തമ്മ

ഇത്  മൂന്നാം  തവണയാണ് ,ഞാന്‍  പച്ച  തത്തയെ  വാങ്ങുന്നത് ..തത്തയ്ക്ക് സ്നേഹമില്ലെന്നും ,വര്‍ഷങ്ങള്‍ വളര്‍ത്തിയാലും സ്നേഹത്തോടെ ഒരു നന്ദി വാക്ക് പോലും പറയാതെ അവ പറന്നു പോകുമെന്നും പലരും എന്നോട് പറഞ്ഞു..എന്നിട്ടും ഞാന്‍ വീണ്ടും തത്തമ്മയെ വാങ്ങി സ്നേഹത്തോടെ നോക്കി..നല്ലൊരു പേരിട്ടു..ഞാന്‍ കൊന്ജിച്ചു അപ്പോഴൊക്കെയും കണ്ണുരുട്ടിയാണ്    കൂട്ടുകാരന്റെ നോട്ടം.

.എന്നെ കാണുമ്പോഴേ കൂടിന്റെ മുകളിലേക്ക് പറന്നു പോകും.ഒരു ദിവസം കണ്ണനെയും കൂട്ട് വിളിച്ചു അവനെ ഒന്നെടുത്തു മടിയില്‍ വെച്ച് തലോടി ഇണക്കിയെടുക്കാന്‍   ഞാന്‍ തീരുമാനിച്ചു..കണ്ണന്‍ പഠിച്ച പണിയൊക്കെ നോക്കീട്ടും തത്തമ്മയെ കൂട്ടില്‍ നിന്നും എടുക്കാന്‍ ആയില്ല..അങ്ങിനെ കണ്ണന്റെ അമ്മയെ വിളിക്കാമെന്നും ..അമ്മക്ക് നല്ല ധൈര്യമാനെന്നും ..കണ്ണന്‍  എന്നോട് പറഞ്ഞു..അങ്ങിനെ ബിന്ദു വന്നു..കൂട് തുറന്നു..വളരെ സമര്‍ത്ഥമായി തത്തമ്മയെ പിടിച്ചു എന്റെ കയ്യിലേക്ക് തന്നിട്ട് ബിന്ദു സ്ഥലം വിട്ടു..

ഇനിയാണ് അങ്കം. തത്തമ്മയും ഞാനും കൂടി ഒരു മല്പിടുതമായിരുന്നു..തത്തമ്മക്ക്   എന്നെ കൊത്തണം എനിക്ക് അവനെ ഇണക്കിയെടുക്കണം,   സ്നേഹിക്കണം..'നടന്നില്ല' ..'രണ്ടും നടന്നില്ല.    അവസാനം തത്തമ്മയെ കൂട്ടിലെക്കിട്ടു രണ്ടു ചീത്ത പറഞ്ഞു ഞാന്‍ വീടിനുള്ളിലേക്ക് വലിഞ്ഞു.അടുത്ത ദിവസം ഒന്ന് കൂടി പരിശ്രമിക്കാന്‍ ഞാന്‍ തയ്യാറായി..ബിന്ദു 'ലാസ്റ്റെ ലാസ്റ്റ്'..എന്ന് പറഞ്ഞു വന്നുവളരെ എളുപ്പത്തില്‍ എടുതെന്റെ കയ്യിലേക്ക് വീണ്ടും തന്നു..വീണ്ടും അവനും ഞാനും ഇടിയായി..ഒന്ന് രണ്ടു തവണ എനിക്കവനെ തലോടാനായി..ഒരു തവണ കൂടി ശ്രമിച്ചപ്പോ അവന്‍ എന്റെ നെഞ്ചില്‍ ഒരാന്ഞ്ഞു കൊത്ത്..ഭാഗ്യം കൃഷ്ണമണി കൊത്തി പറിക്കാഞ്ഞത് ..

ഹൂ എന്തൊരു വേദന..ചോരയും വന്നു.

ഹോ...ഈ സാധനത്തിനും...മനസ്സിലായില്ലല്ലോ.എന്റെ നെഞ്ച് നിറയെ സ്നേഹമായിരുന്നെന്നു...അതോടെ എനിക്ക് സങ്കടമായി..കൂട്ടിലേക്ക് തിരികെയിടാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍..എന്റെ മനസ്സ് പറഞ്ഞു

.ഇവന്‍പോയ്ക്കൊള്ളട്ടെ ,ഇവന്‍ ആഗ്രഹിക്കുന്നതും അത് തന്നെ ആവാം..ഞാന്‍ തത്തമ്മയെ പറത്തിവിട്ടു ..വിണ്ണിലേക്ക്   ..

'അവന്‍'

..ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല..ഒരു വാക്കും മിണ്ടിയില്ലാ..എന്‍റെ കണ്ണുകളില്‍ കണ്ണീരും നെഞ്ചില്‍ പരിഭവവും നിറഞ്ഞു.

പക്ഷെ ഒരു നിമിഷം ..ഒരു നിമിഷം ഞാന്‍ തിരിഞ്ഞു നടന്നു..കഴിഞ്ഞ തവണകളിലെ   പോലെ പറന്നുപോയ ദിക്കിലേക്ക് കണ്ണും നട്ടു നിന്നില്ല..അതിന്‍റെ സന്തോഷം     അതാണ്‌ .. എന്‍റെ സ്നേഹത്തില്‍ നിറയുന്നത് അവന്റെ പാരതന്ത്ര്യം   ‌.ആണെന്ന് ഞാന്‍ മനസ്സിലാക്കി...

തൊട്ടാ വാടി




ഇന്നലെ കണ്ടപ്പോള്‍
നീ സന്തോഷവതി
തൊട്ടില്ല ഞാന്‍നിന്നെ
പിണക്കാതെയകലം നിന്നു
നിന്‍ ചിരിയിലെന്‍ മിഴി വിടര്‍ന്നു
എന്നിട്ടും നീയെന്നെ സ്നേഹിച്ചതില്ല


ഇന്ന് കണ്ടപ്പോള്‍
നിന്‍ മിഴി കൂമ്പിയിരുന്നു
അരികില്‍ വന്നു തഴുകവെ
നീയെന്നെ നോവിച്ചു.
ഒരു തുള്ളി രക്തം
എന്‍ വിരല്‍ തുമ്പില്‍
ന്നിറ്റു  വീണു നിന്‍ കാല്‍ച്ചുവട്ടില്‍
എന്നിട്ടും നീയെന്നെ സ്നേഹിച്ചതില്ല

കൂട്ടുകാരി നിനക്കായ്-3

നീ വരുവോളം
...............................
ഏതാണ്ട് തുല്യ ദുഖിതരായിരുന്നു ഞാനും സബിയും...സന്തോഷങ്ങളും അവയുടെ വരവും പോക്കും , 'നമുക്കൊരുപോലെയണല്ലോ  സബീ'  എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍,എന്‍റെ ചോദ്യത്തിനവളുടെ മറുപടി,'എന്‍റെ ഇരട്ടസഹോദരിയാണ്' 'നീ ' എന്നായിരുന്നു.  ഞാന്‍ ചിരിച്ചു കൂടെ  അവളും...

വിദ്യാലയത്തിന്‍റെ ആദ്യകാല  ഓര്‍മ്മകള്‍ ഞാന്‍ ചികഞ്ഞെടുക്കുമ്പോള്‍  എനിക്ക് ചിരിയും  സങ്കടവും  വരും .

"ദൈവമേ" ഇതാരാ കുട്ടീടെ...? ടീച്ചറിന്റെ  ബലം പിടിച്ചുള്ള ചോദ്യം,
 'അനിയത്തി'.
ആട്ടെ.. ചേച്ചി ഏതു ക്ലാസ്സില്‍ ആണ് പഠിക്കുന്നെ....?
 'ആറില്‍' ‍...ഇത്തയുടെ കഷ്ട്ടപ്പെട്ട മറുപടി .കൂട്ടത്തില്‍ എന്നെ ദഹിപ്പിക്കുന്നപോലൊരു നോട്ടവും..
 "ടീച്ചര്‍" ,      ഈ കുട്ടിയെ എന്തിനാ ഇങ്ങോട്ട് വിടുന്നെ..?
ഇങ്ങോട്ട്  തള്ളിയിട്ടു പോകുമ്പോള്‍ ..ആ നിമഷം മുതല്‍
,.. കുട്ടി നിലത്തു കിടന്നുരുളും. എന്‍റെ ടസ്ക്കിനു  ചുറ്റും ഉരുണ്ടുകിടന്നാ പിന്നെ കരയാ..., 'ഒരടി എങ്ങാനും കൊടുത്താല്‍'  കുട്ടി പിന്നെ വഷളായി..എന്‍റെ സാരിക്ക് പിടിച്ചു വലിച്ചു കരയും ..

ഇങ്ങനെ തന്നെയാണോ വീട്ടിലും...?
ടീച്ചര്‍ ദേഷ്യത്തിന്റെ ചരടൊന്നു മുറുക്കി ..

"അല്ല"......
പാവം ഇത്തയുടെ സഹനം കരയുമെന്നായി..
ഇത്രേം കാലം ഞാന്‍ പഠിപ്പിച്ചിട്ടു..ഇത് പോലോരെണ്ണത്തിനെ     ഞാന്‍ കണ്ടിട്ടേയില്ല..ടീച്ചര്‍ തുടര്‍ന്നു.
ഇത്തയുടെ ദേഷ്യം എന്‍റെ ചെവിയില്‍ മൃദംഗം വായിച്ചു..കൂടെ ചന്തിക്ക് ഒരു നുള്ളും.

"ഹോ' നല്ല വേദന ..പതിവുകള്‍ ഇങ്ങിനെ തുടര്‍ന്നു..

ഒരിക്കല്‍ സ്കൂള്‍ ബസ്സില്‍ വെച്ച് സുന്ദരിയായൊരു ലേഖ കുട്ടി..എന്നോട് പറഞ്ഞു..
"കുട്ടി ഈ വര്ഷം തോല്‍ക്കും"
"അടുത്ത വര്‍ഷം ഞങ്ങള്‍ രണ്ടില്‍" ..താന്‍ വീണ്ടും ഒന്നില്‍..
കൂടെ ഇരുന്ന മാക്കാച്ചി കുട്ടികള്‍ പല്ലിളിച്ചു ചിരിച്ചു..എന്‍റെ ഉള്ളില്‍ അപ്പൊ ഉണ്ടായ വികാരം ഇന്നും ഞാന്‍ ഓര്‍ക്കുന്നു..ദേഷ്യമല്ല..ഒരു തരം സങ്കടം.

അന്ന് മുതല്‍ ഞാന്‍ വിദ്യയിലും ,കലയിലുമൊക്കെ ഇത്താത്ത കുട്ടികളെ വെട്ടിച്ചു..എന്നാല്‍..
'വീട്ടിലെ സ്നേഹം കൊതിച്ചിട്ട് കാര്യമില്ലാത്തതുപോലെ' ..ആരും അത്   കാണാനുണ്ടായില്ല   ‍..?

പക്ഷെ  അധ്യാപകരും ,കുട്ടികളും ,..തോളില്‍  തട്ടിയും ..ചിരിച്ചു കൊണ്ട് കയ്യില്‍ പിടിച്ചു പ്രോത്സാഹനം തുടര്‍ന്നു..
അതോടൊപ്പം 'മനസ്സിലെ  മോഹങ്ങളുടെ പുഴയില്‍ ആനന്ദത്തിന്‍ നീരൊഴുക്ക്'..എന്തൊരു കുളിര്‍മ്മയായിരുന്നു അന്നൊക്കെ എനിക്കത് നല്‍കിയിരുന്നത്..

'എന്‍റെ 'രണ്ടാം തരം', അതെന്നെ എന്‍റെ മനസ്സിന്റെ ഒരു ചില്ലപ്പുറത്തിരുന്നു   "കോക്രി"   കാട്ടി ഇടക്കൊക്കെ.

ഇത്രേം പ്രായം ആയിട്ടും എനിക്ക് ശുണ്ടിയും ,സങ്കടവും,എന്തെങ്കിലുമെടുത്തു   ആ ചില്ലക്കോരേറു    കൊടുക്കാനും തോന്നും അപ്പോഴൊക്കെയും .

ഒന്നാം തരത്തില്‍ രണ്ടാമതിരുന്നു പഠിച്ചപ്പോള്‍ ഞാന്‍ നല്ല കുട്ടിയായി.എന്നത് പറയേണ്ടതില്ലല്ലോ.

അതിനെന്നെ തുണച്ച
 ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്..

ലേഖകുട്ടിയുടെ വാകുകളെയും ഞാന്‍ സ്നേഹത്തോടെ ഓര്‍ത്തുപോകും പലപ്പോളും ..

രണ്ടാം തരം കാലെടുത്തു വെക്കാന്‍ ഉത്സാഹത്തോടെ നിന്നപ്പോഴാണ്..എന്‍റെ "ഉമ്മാമ്മയുടെ വരവ്"
ഉപ്പാപ്പയുടെ പെട്ടെന്നുള്ള മരണം ആകെ തളര്‍തിയിട്ടും,'ഉമ്മാമ്മ ' കൈ നിറയെ പലഹാരങ്ങളും,
പിന്നെ കുപ്പി വള, മുത്തുമാല ..,ആവണക്കെണ്ണയില്‍  ശീലമുക്കി ചട്ടിക്കരിയാക്കി  എടുക്കുന്ന നല്ല ഒന്നാന്തരം നാടന്‍ കണ്മഷിയും ഒക്കെ ആയി ഏറണാകുളത്തു   നിന്നും 'മുന്നാറ്റിലേക്ക്'   വന്നു .ക്ഷീണമകറ്റാന്‍   പാവത്തിന് സമയം കൊടുക്കാതെ കുട്ടിപട്ടാളം ഉമ്മാമ്മക്ക് ചുറ്റും നിരന്നു.

എന്നാലും  ഒരു അധ്യാപികയും കൂടിയായിരുന്ന ഉമ്മാമ്മ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.സ്നേഹത്തോടെ ഉമ്മാമ്മ ഞങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ക്ക്    നിഷ്കളങ്കമായി മറുപടിതന്നു..പട്ടണ വിശേഷങ്ങള്‍ കേട്ട് ഞങ്ങള്‍ ഉമ്മാമ്മയുടെ അടുതിരിക്കുമ്പോ ഉമ്മാമ്മയെന്നെ എടുത്തു മടിയില്‍ വെച്ചു. സ്നേഹത്തോടെ തലോടി..എനിക്ക് സ്നേഹം തന്നത് ഉമ്മാമ്മയാണെന്നും ,അണിയാന്‍ പുത്തനുടുപ്പുകള്‍ വാങ്ങിത്തരികയും,സിനിമക്കും പര്‍ക്കിലുമൊക്കെ കണ്ടു പോകുകയും,ചെയ്യുന്ന സ്നേഹമയി രൂപം എന്നില്‍ ഉമ്മാമ്മയാണെന്നും   പില്‍ക്കാലത്ത്‌ ഞാന്‍ എന്‍റെ വീട്ടന്ഗങ്ങളുടെ മുന്നാകെ  തുറന്ന ഒരു ഹൃദയത്തോടെ,ഒഴുകുന്ന കണ്ണീര്‍ തുടച്ചു എണ്ണിയെണ്ണി പ്പറഞ്ഞു...അതിന്റെ പരിണിത ഫലം എനിക്ക് അവരില്‍ നിന്ന്   ചില പരിഗണനകളൊക്കെ തന്നു കൊണ്ടിരുന്നു.

ഉമ്മചിയോടു ,ഉമ്മാമ്മ പറഞ്ഞു..

എടീ ,നിന്റെ ഇളയവളെ എന്‍റെ കൂടെ അയക്കണം ..ഈ വര്‍ഷം അവള്‍ അവിടെ പഠിക്കട്ടെ..
'ഈ അവസ്ഥയില്‍ എനിക്കൊരു ആശ്വാസത്തിന്'..സ്കൂളില്‍ പൊയ് തിരികെ വരുമ്പോ.ഇച്ചിരി വെള്ളമോ,മരുന്നോ ഒക്കെ എടുത്തു തരാന്‍ അടുതുണ്ടാകുമല്ലോ..

എല്ലാം കേട്ട് അടുത്ത് നില്‍ക്കുമ്പോള്‍.സങ്കടം കൊണ്ടെന്റെ നെഞ്ചില്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടായി.എനിക്കെന്റെ ഉമ്മച്ചിയും സഹോദരങ്ങളെയും പിരിഞ്ഞു നില്‍ക്കുന്നത് ആലോചിക്കാന്‍ പോലും വയ്യായിരുന്നു..

എന്‍റെ സങ്കടം കണ്ടു .ഉമ്മാമ്മക്ക് സംശയം ഇവള്‍ വരില്ലേ എന്ന്..ഉടനെ,ഇത്തക്കുട്ടികള്‍ ഓടിവന്നു.

ടീ," പാവം ഉമ്മാമ്മ നീ പോ കൂടെ".

"അയ്യെടാ ഈ പറയുന്നോര്‍ക്കങ്ങു പോയാല്‍ പോരെ"..മനസ്സില്‍ കിടന്നുരുണ്ടാതല്ലാതെ പുറത്തു വന്നില്ല ഒന്നും അന്നേരം..

ഉരുളന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍     കൂടെ, കുളു കുളാ ന്നോഴുകുന്ന വെള്ളത്തില്‍ കയ്യിട്ടു
വെള്ളാരം കല്ലുകള്‍  പെറുക്കിയെടുത്തു മടിയില്‍ പെറുക്കികൂട്ടുമ്പോ,സബി ചോദിച്ചു..

ഞാനും വരട്ടെ നിന്റെ കൂടെ...?സബിയെ പിരിയുന്നത് എനിക്കപ്പോള്‍ എന്തോ. വലുതായി തോന്നിയില്ല
"ഉമ്മച്ചിയെ കാണാതെ" എങ്ങിനെ ?..എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.ആറ്റിലെ വെള്ളത്തിലൂടോലിച്ചു  പോയി..

എന്താ ..നീ മിണ്ടാതെ..? അവള്‍ ചോദിച്ചു.

അതിനു നിന്റെ അമ്മ ,അപ്പ സമ്മതിക്കുമോ?ഞാന്‍ ചോദിച്ചു.
 അവള്‍ എന്നെ സങ്കടത്തോടെ നോക്കി നിന്നു..അവളുടെ മടിയില്‍ നിന്നു വെള്ളാരം കല്ലുകള്‍ ..ഉരുണ്ടു ആറ്റിലേക്ക് തെറിച്ചു വീണു.മുഖത്തേക്ക്   തെറിച്ച വെള്ളം അവള്‍ കൈകൊണ്ടു തുടച്ചു എന്‍റെ അരികിലേക്ക് വന്നു .


അപ്പൊ ഒരു വര്‍ഷം കഴിഞ്ഞാ നീ വരണേ?  അവളുടെ സങ്കടം കണ്ണുകളില്‍ നിറഞ്ഞു..

"ഉം "..ഒരു ഉറപ്പോടെ ഞാന്‍  മൂളി

അപ്പൊ ,.അപ്പൊ ഈ പാറപ്പുറത്തിനിയെന്നും     ഉച്ചക്ക് ഞാന്‍ ഒറ്റക്കിരുന്നു ചോറുണ്ണണം   അല്ലെ..?അവള്‍ ചോദിച്ചു
വേണ്ട .. നീ ഉണ്ണുമ്പോ നിനക്കൊപ്പം  ഞാനും ഉണ്ടാവും ഇവിടെ.
"അതെങ്ങിനെ"?

അതങ്ങിനെയാ..

ഇങ്ങനെയുള്ള എന്‍റെ സംസാരത്തിനെ സബിയോഴിചെല്ലാവരും "പ്രാന്ത്"എന്നാണു വിളിച്ചിരുന്നത്‌..

നൂറു കൂട്ടം ചോദ്യങ്ങളും കിട്ടാത്ത ഉത്തരങ്ങളുമായി നില്‍ക്കുമ്പോ..വീട്ടിലേക്കു പോകാന്‍ സ്കൂള്‍ ബസ്‌ തയ്യാറെടുത്തു തുടങ്ങി...ഞാനും സബിയും ബസ്സിനടുതെക്കോടി..



(തുടരും )

കൂട്ടുകാരി നിനക്കായ്..2

എത്തിച്ചേര്‍ന്നിരിക്കുന്നതൊരു  ശ്മശാനം.......! നിറയെ പൂമാലകളും ,പൂക്കളും,ചാംബ്രാണി  പുകയും.........തമിഴരുടെ ആചാരങ്ങളാവാം....കുരുന്നുകളുടെ ശവകുടീരം പോലുമുണ്ടവിടെ....ഈ താഴ്വാരം ഇങ്ങിനെ.......?ഇന്നും ഓര്‍മ്മിക്കുമ്പോള്‍ ഹൃദയത്തിനോരിടര്‍ച്ച   പോലെ ........സബി ചോദിക്കുന്നതപ്പോളാണ് ..കാതില്‍ വീണത്‌ ...നമുക്ക് പോവാം....?പെട്ടെന്നാണ് എനിക്ക് ബോധോദയം   ഉണ്ടായത്.....പിന്നൊന്നും ചിന്തിച്ചില്ല ഞങ്ങള്‍ ഓടുകയായിരുന്നു...മൊട്ടക്കുന്നിന്റെ  മേലെ എത്തിയപ്പോള്‍...ഒരക്ഷരം മിണ്ടാന്‍ വയ്യാതായി...എത്ര നേരം അവിടിരുന്നു എന്നറിയില്ല...അവന്‍ വന്നു കവിളില്‍ തട്ടി...ആരെന്നോ കാറ്റ്...എന്‍റെ സ്നേഹിതന്‍...കുസൃതി കൂട്ടുകാരന്‍...

ക്ഷീണം കൊണ്ടൊന്നു മയങ്ങിപ്പോയതായിരുന്നു ഞങ്ങള്‍...കണ്ണുതുറന്നപ്പോള്‍ ഇരുളാവാറായിരിക്കുന്നു...........!ഇനി കുത്തനെ ഇറക്കമാണ്...ഞാനും സബിയും എഴുന്നേറ്റതും കൈകള്‍ കോര്‍ത്ത്‌പിടിച്ചു   ഒരൊറ്റയോട്ടം .... ഓ.............അവനോടൊരു യാത്ര പറഞ്ഞില്ല..ഓട്ടത്തിനിടയില്‍ അവന്‍റെ കൂട്ടുകാരന്‍ വന്നതോര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു .....ഒരു വാക്ക് മേല്ലെയടര്‍ന്നു വീണു...വരാം ഇനിയും വരാം ഞങ്ങള്‍...പക്ഷെ പിന്നീടതോരിക്കലും ഉണ്ടായില്ല....ഇന്നും ആ മൊട്ടക്കുന്നു കൂടുതല്‍  സുന്ദരിയായി നില്‍ക്കുന്നുണ്ടാവാം...

വീടെത്തിയപ്പോള്‍ സബി മുങ്ങി......പിന്നെ എന്‍റെ ഊഴമായിരുന്നു.....അടിയുടെ വേദനയൊന്നും ഇന്ന് ഓര്‍ക്കുന്നില്ല...അതിലും കൂടുതല്‍............ 'കാലം'... മനസ്സിനെകിക്കൊണ്ടിരുന്നുവല്ലോ....



കറുത്ത പെണ്‍കുട്ടി..

----------------------------


സബിയുടെ അപ്പയെ കണ്ടാല്‍ ആരും  പേടിക്കും ....സുന്ദരനോക്കെയാ ...പക്ഷെ നീണ്ടുരുണ്ട കണ്ണുകളില്‍ നിന്നും തീ പാറുന്നുണ്ടോ.......?ചിലപ്പോഴൊക്കെ എനിക്കങ്ങിനെ തോന്നിയിട്ടുണ്ട്...നല്ല ഉയരം,തടിച്ച ശരീരം,കണ്ടാല്‍ പേടിതോന്നുന്ന മീശയാണേലും   കൊമ്പനല്ല...അദ്ധേഹത്തിന്റെ മുന്നില്‍ പൊയ് ചാടാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്...പാവം സബിയും അങ്ങിനെ തന്നെ....

അപ്പയാണെന്നു   പറഞ്ഞിട്ടെന്തു കാര്യം...'.പെണ്ണിനെ പ്രസവിച്ചു വീണ്ടും'..... എന്ന കുറ്റത്തിന്..പേറു കഴിഞ്ഞു മടങ്ങിയെത്തിയ ...അമ്മയെ വീട്ടില്‍ കയറ്റാതിരുന്ന അപ്പ..അമ്മ കരഞ്ഞു തളര്‍ന്നിരുന്ന ആ വീട്ടു മുറ്റത്താണ് സബി പിച്ച വെച്ചത്.....'പൊട്ടന്‍ പോരാത്തതിന് ഒരു കൂനും'...എന്ന് പറഞ്ഞപോലെയായിരുന്നു............സബിയുടെ കാര്യം..പെണ്ണെന്ന ശാപം പോരാത്തതിന് കറുപ്പും...അതും കൂടിയായപ്പോള്‍ അപ്പക്ക് അവളെ കാണുന്നതെ കലിയായിരുന്നു..................അവളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ അയാള്‍ കലിതുള്ളി..എടുത്തുകൊണ്ടു പോ ഈ നാശത്തിനെ  എന്നലറുമായിരുന്നു ...ഇതൊക്കെ കേട്ടു കേള്‍വിയാണവള്‍ക്ക്  ...ഇതൊക്കെ കേള്‍ക്കുമ്പോള്‍ കണ്ണുനിറക്കാമെന്നല്ലാതെന്തു    ചെയ്യാന്‍ .............

കുടുംബ മഹിമ പാടുമ്പോള്‍ ..സമ്പന്നതയുടെ നടുവില്‍ ,... അഹങ്കാരത്തിന്‍റെയും,   ന്‍റെടത്തിന്‍റെയും   വിത്ത് പടര്‍ന്നു പന്തലിച്ചതായിരുന്നു അപ്പയും, അപ്പയുടെ കുടുംബത്തിലെ പന്ത്രണ്ടു  മക്കളും ..അവരുടെ മുന്നില്‍ പരിഹാസവാക്കുകളും,,നിന്ദയും   ഏറ്റുവാങ്ങിയാണ്..പിച്ച വെക്കുന്നതെന്നു  കുഞ്ഞു സബി അറിഞ്ഞില്ല... കാലം അവളുടെ കാതുകളെയും കണ്ണുകളെയും... അറിയിച്ച കഥകള്‍ അവളുടെ   മനസ്സിന്റെ താളം തെറ്റിക്കുകയായിരുന്നു...ആരുമറിയാതെ മനസ്സെന്ന മരുഭൂമിയില്‍  അവള്‍ തൊണ്ട വരണ്ടു നിന്നു...സ്നേഹത്തിന്റെ ഒരു കണിക പോലും, ഒരു മരുപ്പച്ച പോലും കാണാതേ ...പലപ്പോളുമവള്‍  വിഭ്രാന്തമായി..(തുടരും)





കൂട്ടുകാരി നിനക്കായ്..



എന്‍റെ ഏകാന്തതയുടെ മൂകതയില്‍ ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ എന്‍റെ പ്രിയ കൂട്ടുകാരിയായിരുന്നു സബി...മനസ്സുകൊണ്ട്  ചിലപ്പോള്‍ ഞങ്ങള്‍ സംസാരിക്കും..ചിലപ്പോഴൊക്കെ അവള്‍ എന്നോട് ചേര്‍ന്നിരുന്നു ഒരുപാട് പാട്ടുകള്‍ പാടും..അവളുടെ സ്വര  മാധുര്യം എന്‍റെ മനസ്സില്‍ നിറയുന്ന തേന്‍കണങ്ങളാണ് ..ഒരിക്കല്‍  ചായ ക്കൂട്ടുകള്‍ കൊണ്ടവളെന്‍റെ   ചിത്രം വരച്ചു..അതിലേക്കു മിഴി നട്ടിരുന്നപ്പോള്‍..ആനന്ദം കൊണ്ടാണോ..സങ്കടം കൊണ്ടാണോ എന്നറിയില്ല എന്‍റെ കണ്ണുകള്‍ നനവാര്‍ന്നു...

ഞാന്‍ അറിഞ്ഞിരുന്നില്ല..........സബീ നീ വരക്കുമായിരുന്നോ?...ഞാന്‍ പതുക്കെ ചോദിച്ചു ..എന്‍റെ ചോദ്യം കേട്ടപ്പോള്‍ എന്തോ അവള്‍ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി...

അവളുടെ കൈകോര്‍ത്തു അന്ന് ഞാന്‍  ..മനോഹരിയായൊരു  നീലിമലക്കുന്നു കയറാന്‍ അവളെ കഷണിച്ചു..അതുകേട്ടപ്പോള്‍ അവള്‍ക്കും സന്തോഷമായിരുന്നു...ചേച്ചിമാരോടൊപ്പം തനിക്കു മാത്രം പാതി വരെ കയറിയിറങ്ങി പോരേണ്ടി വന്ന അന്ന് മുതല്‍ ഒരാഗ്രഹമാണ് അത്.... മണിക്കൂറുകള്‍ പിന്നിട്ടതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല..കഥകളും ..അനുഭവങ്ങളും,പങ്കുവെച്ചു..ഇഷ്ട്ടമുള്ള പാട്ടുകള്‍ പാടി  ..അവളെന്നോടോപ്പം അന്ന് സന്തോഷവതിയായിരുന്നു.. ..കുന്നിന്‍ ചരിവിലൂടെയുള്ള നടത്തം ഞങ്ങള്‍ അല്പം വേഗത്തിലാക്കി..മഞ്ഞു വീണു തുടങ്ങിയിരുന്നു..തിരികെ വീട്ടിലെത്തും വരെ ഒരു വിഭ്രാന്തി ഞങ്ങളെ പിന്തുടരുമെന്നു യാത്രയുടെ ആരംഭത്തില്‍ തന്നെ അറിയാമായിരുന്നു രണ്ടുപേര്‍ക്കും...

കാട്ടുപൂക്കളും പഴങ്ങളും ഒക്കെ എന്ത് രസമാ അല്ലെ..നടത്തത്തിനിടയില്‍ പഴുത്ത കാപ്പിക്കുരു  പറിച്ചവള്‍ക്ക്  നല്‍കി.ഞാന്‍ ചോദിച്ചു...
അതിനവളില്‍ നിന്ന് മറുപടിയൊന്നുമില്ല ..

എവിടെ നിന്നോ,മനം മടുപ്പിക്കുന്നപോലെ ...............നനഞ്ഞു   ചതഞ്ഞ ..പൂക്കളുടെ ഗന്ധം....തലകറങ്ങുന്നോ  ,തല വേദനിക്കുന്നോ ... എന്താണെന്ന് പറയാനാവുന്നില്ല...അവളുടെ കൈകള്‍ എന്‍റെ കയ്യിലിരുന്നു  വിറക്കുന്നു...ശ്വാസത്തിനും ഇടിപ്പിനും ഒക്കെ വേഗത കൂടി...നിശബ്ദതയില്‍  ഭയത്തിനു  ആഴം കൂടുമെന്നെനിക്കപ്പോള്‍ മനസ്സിലായി.............പിന്നെയെടുത്ത ചുവടൊന്നു മുന്നോട്ടെടുത്തു വെക്കാനോ...പിന്നോട്ട് വലിക്കാനോ...പറ്റാതെ ഞങ്ങള്‍ ഭയന്ന് പോയി.....(തുടരും)

വോട്ട്..

തോടു കീറിത്തരാം
നാട്ടു   വഴികളില്‍
ടാറു പതിപ്പിക്കാം
വയസ്സന്‍ പോസ്റ്റുകള്‍
എണ്ണിയെടുത്തതിന്‍
മങ്ങിയ വെട്ടം മാറ്റിത്തരാം
ഇമ്മട്ടിലെണ്ണിയാലൊടുങ്ങാത്ത
വാഗ്ദാനങ്ങള്‍ നോട്ടിസിലാക്കി
ജനങ്ങളുടെ കണ്ണിലുണ്ണിയായ് ശങ്കരന്‍

ഓരോ വോട്ടും വിലപ്പെട്ട വോട്ട്
ഓരോ വോട്ടും ശങ്കരന്..
നാട്ടുകാരെ ചാക്കിലാക്കി
വോട്ടുകളെല്ലാംകൈക്കലാക്കി
ശങ്കരന്‍ വന്നു കൈകൂപ്പി
തുറന്ന ജീപ്പില്‍ നിവര്‍ന്നു നിന്നു
ഇടതും,വലതും,മുന്നോട്ടും
പിടലിതിരിച്ചു വങ്കരന്‍

നാടുഭരണം തുടങ്ങീട്ടും
ശങ്കരന്‍ കൊഴുത്തു വന്നിട്ടും
നാടൊന്നിളകി
ജനരോഷം  പിറ് പിറുത്തു
ശങ്കരനൊരു "തെണ്ടി" യായിരുന്നേ

കൂട്ടത്തിലെ കേമന്‍ ഉറക്കെ പറഞ്ഞു
ശങ്കരനൊരു "തെണ്ടി" യായി

ഇനിയും വരും  ശങ്കരന്മാര്‍
ഓരോ വോട്ടും തെണ്ടി..
നാട് ഭരിച്ചു മുടിപ്പിക്കാന്‍ ..


ഞാന്‍ കവയിത്രിയല്ല ..

ഞാന്‍ കവയിത്രിയല്ല
എന്‍റെ തൂലികയില്‍
ജന്മമെടുത്തോരക്ഷര
ക്കൂട്ടങ്ങള്‍ക്ക്
ഒരേ ഗന്ധവും
ഒരേ രുചിയും
ആയിരുന്നു


നിറങ്ങള്‍
മാറിയെത്തുമ്പോള്‍
അവയെ കൂട്ടുകാര്‍
കവിതയെന്നു
ചൊല്ലി വിളിച്ചു. 


സ്നേഹിക്കുന്നു ഞാന്‍
കവിതേ നിന്നെ

പ്രണയിക്കുന്നുമുണ്ട്
നിറഞ്ഞ മനസ്സാല്‍


നീ ദുഃഖം തരില്ലെന്ന്
നിശ്ചയം
എങ്കിലും....


കുത്തിക്കൊറി
യിട്ടതെല്ലാം

ഈ  മനോതാളം
ഇടറാതിരിക്കാന്‍ 
 
കവിതയെ ഞാന്‍
അറിയുമ്പോള്‍
കവിതയെ ഞാന്‍
കാണുമ്പോള്‍
കവിതയെ ഞാന്‍
രുചിക്കുമ്പോള്‍..


മറുവശത്തെന്‍   മനം
എന്നോട് വീണ്ടും...
നിന്‍റെ വരികള്‍ കവിതയല്ല
നീ കവയിത്രിയുമല്ല


ഉറക്കെപ്പറയുന്നതുണ്ട്
ഞാന്‍ എങ്കിലും
കേള്‍ക്കുന്നില്ലാരുമേ..


ഈ വഴിക്കന്യമായ്
നിന്ന് പോകുമീ
ഞാനെന്ന സത്യം


അണക്കുന്നു ഞാന്‍
സ്വയം കണ്ണീരോടെ...

ആദ്യമായ് പാടിയ പാട്ട്...

ഇത് പണ്ട്  കാലത്ത് നടന്നൊരു കുഞ്ഞി കഥയാണ്‌ .എസ് .ജാനകിയും,പി.സുശീലയുമൊക്കെ മധുരമായി വാഴുന്ന കാലം.മധുരമായ് എന്നുദ്ദേശിച്ചത്,അന്നവരുടെ മുഖത്തു ‌ ചുളിവുകള്‍ ഇല്ല..യൗവ്വനം അവരുടെ മധുരമായ ഗാനത്തോടൊപ്പം ശ്രുതിയില്‍ ലയിച്ചു പാടുന്നു....ഓരോനിമിഷങ്ങളും അനുഗ്രഹീത താളമാകുന്നു അവര്‍ക്ക് മുന്നില്‍..അത് തന്നെ...

പാട്ടെനിക്ക് ഒരുപാടിഷ്ട്ടമായിരുന്നു..എന്നാല്‍ ഇഷ്ട്ടങ്ങളെല്ലാം എന്നില്‍ ഒളിഞ്ഞുകിടന്നു..ആഗ്രഹങ്ങളും..

കാത്തിരിപ്പ്‌..

ആദ്യമായെഴുതുന്നൊരു കഥ .അതെന്‍റെ കുഞ്ഞിക്കിളികളെ പ്പറ്റിതന്നെയാവട്ടെ.വായിക്കാന്‍ ഇഷ്ട്ടമില്ലെങ്കിലും ഒന്നോടിച്ചെങ്കിലും വായിക്കണേ.കള്ളക്കഥയൊന്നുമല്ലെട്ടോ.എന്നാല്‍ കാര്യമായി ആസ്വദിക്കത്തക്ക    ഒരു കഥയും ഇതിലില്ലതാനും.എന്നാലും എനിക്കൊരുപാടിഷ്ട്ടമുള്ള എന്നെ സന്തോഷിപ്പിക്കുന്ന ചുരുക്കം ചില കാര്യങ്ങളില്‍ ഒന്ന്.അതെഴുന്നതിലും ഞാനിത്തിരി ആനന്ദം അനുഭവിക്കട്ടെ .ഒരു നഷ്ട്ടമില്ലാത്ത കാര്യമല്ലേ ..മുഖവുര കൂടിപ്പോകുന്നു അല്ലെ. എനിക്കും തോന്നി.

മനസ്സ്

നാട്യം  നടനമോ?
നടനം നൃത്തമോ?
നൃത്തമല്ലിതെന്നാല്‍
നാട്യം തന്നെയല്ലോ
നാട്യ വൈഭവമിതു
അഭിമാനിയാമൊരു
മനിതന്‍റെ മനോവേദന
നടിച്ചിടാന്‍ ഇഷ്ട്ടമില്ലെ
ന്നാകിലും
ജീവിതം വേഷങ്ങള്‍
അണിയിക്കുകയാണ്
സഹതപിക്കരുത് നീ
കാണേണ്ടതെനിക്ക്
ദുഖങ്ങളുടെ നീര്‍ച്ചുവ
പരിജിതമല്ലോ ജന്മമേ
തളരാതെ നീ
കരയാതെ നീ
അഭിമാനിയാം
മനിതനെ  നടന്നുകൊള്‍ക നീ ..
നിന്നോടൊപ്പം ഞാനുമുണ്ട്
നാട്യമില്ലാതെ,
നടനമില്ലാതെ
കളങ്കമില്ലാതെ
ഞാന്‍...
നിന്‍റെ മനസ്സ്

പ്രസൂതിജം

ഒടുക്കം നോവുകള്‍
അനാഥമായി
പേരറിയാതെ
തേങ്ങി..

തളരുന്ന വാക്കുകള്‍
കുഞ്ഞിളം കൈയ്യാല്‍
തട്ടി  'അമ്മേ '
യെന്നു വിളിക്കുന്നു
ആ കൈകളിലെ ഇളം ചൂട്
എന്‍റെ വാത്സല്യം
മുഴുവന്‍ നുകര്‍ന്നതല്ലേ

എന്നിലെയമ്മ
അന്യമായ് 
ചില നേരം ...
യാഥാര്‍ത്ഥ്യങ്ങളുടെ
കൈപ്പ്
അസഹനീയമായപ്പോള്‍.

മധുരം കൊണ്ടെന്നധരത്തിന്‍
ചാരെ എത്തിയ
വാക്കുകളെന്തോ.
വിരസമായി

ദൂരം പിന്നിട്ട നീയും
പിടയുന്ന ഉള്ളവും
അതിലെന്നുണ്ണിതന്‍
കണ്ണീരും തേങ്ങലും

പക്ഷെ..

താളമില്ലാതെ  മനസ്സും
മോഹങ്ങളില്ലാതെ ഞാനും
നിറമില്ലാതെ തുടര്‍ന്നു



ഇനിയും..

വേണ്ട    ഭൂതം
എഴുതേണ്ട ഭാവി
നടക്കട്ടെ വര്‍ത്തമാനം

നനുത്ത പകലും
തണുത്ത രാവും
കഥ കേള്‍ക്കെ,
പഴിച്ചതെന്തോ
അറിഞ്ഞീല

മോഹമുറങ്ങി
പടിയിറങ്ങിയന്നു
സ്വപ്നങ്ങളും.

പാടിയ പാട്ടുകളും
മീട്ടിയ തന്ത്രികളും
കഴുത്തില്‍ കുരുക്കായ്

എണ്ണമറ്റ ഓര്‍മ്മകള്‍
എണ്ണയില്ലാത്തിരിയായ്
കരിഞ്ഞ തിരിയില്‍
കണ്ണുകള്‍ വരണ്ടു നിന്നു

ഒന്ന് നില്‍ക്കൂ,
സ്നേഹം പൂക്കുന്നുണ്ട്
കൊഴിഞ്ഞു വീഴുന്നുണ്ട്
മണ്ണില്‍ നനുക്കുന്നുണ്ട്
എന്നിട്ടുമിനിയും തുടരുന്നോ?

ഗുരു

എന്‍റെ ഗുരു നാഥന്‍,
പ്രിയ ഗുരുനാഥന്‍.

പണമല്ല പഠനമാണ്
കഴിവല്ല മനസ്സാണ്
ശിഷ്യനുചിതം
എന്ന് ചൊല്ലിയ
അറിവുള്ള ഗുരു


അഹങ്കാരം അല്ല
എളിമയുള്ളവനെ
സംഗീതം നേടൂ
എന്ന് ചൊല്ലിയെന്നെ
സരളി വരിശകള്‍
പാടി പഠിപ്പിച്ച
അറിവുള്ള ഗുരു

തെല്ലിടതാളം വലിഞ്ഞന്നു
വലിഞ്ഞു മുറുകും
മുഖം ചൊല്ലി എന്നോട്
ആത്മ സമര്‍പ്പണം
ഗുരു കര്‍ത്തവ്യമെന്ന്


ഇതര ഗാനങ്ങളിലേക്ക്
ചാടാന്‍ വെമ്പും
സ്വരങ്ങളെ  നോക്കി
വേരുറപ്പാണ് 
പ്രശസ്തിയല്ല 
പ്രധാനം
എന്ന് ചൊല്ലിയെന്‍

പ്രിയ ഗുരുനാഥന്‍

എന്‍റെ ചിന്തകള്‍ .



ചിതറിയ ചിന്തകളല്ലേ എന്‍റെ.
ചിന്തകളില്‍ ഞാന്‍ പൂക്കാലം
തീര്‍ക്കാറുണ്ട്‌.
എന്നാലെ, ചിന്തകളെന്നെയെന്നും
കരയിക്കാറാ പതിവ്..
കാലങ്ങള്‍ കടന്നു പോകയാ
പതിവൊന്നും തെറ്റാതെ.
പെണ്ണെ നിനക്കൊരു മാറ്റംവേണ്ടേ?
ഇന്ന് ഞാന്‍ എന്നോടു ചോദിച്ചു,         
അവള്‍ക്കില്ലാ  മറുപടി.
നിന്നൊപ്പം ഓടിത്തളര്‍ന്നു
നിന്നെ പെറുക്കിയെടുതടുക്കി 
ഞാന്‍ മടുത്തുട്ടോ
കരയുകയായിരുന്നു
ഞാനപ്പോ ..
പക്ഷെ ...
സിരകളില്‍ രക്തം തിളച്ചാലും
ഓര്‍മ്മകള്‍ വിങ്ങിതളര്‍ന്നാലും
ഞരമ്പുകള്‍ പിടഞ്ഞു നിലവിളിച്ചാലും
ചിന്തകള്‍ പിന്നെയും 
ചിതറി വീഴുകയായിരുന്നു ചുറ്റും
എന്തെന്നറിയാത്ത
എന്തിനെന്നറിയാത്ത
എന്താകുമെന്നറിയാത്ത
നീണ്ട നെടുവീര്‍പ്പില്‍
ചിന്തകള്‍ ചിലപ്പോ
കുരുങ്ങിക്കിടന്നു ..
ഒരുപാടു വാശിയോടെ
യവന്‍ ഓടുകയാണ്
പിന്നിലെക്കെന്നെ  തിരിഞ്ഞു നോക്കുന്നുമുണ്ട്
അവന്‍റെ  പിന്നാലെ  കിതപ്പോടെ  ഞാനും.....

വരയുടെ സ്മരണ

കുഞ്ഞു കാലത്തേ
കുഞ്ഞോര്‍മ്മകളില്‍
പരതിയപ്പോള്‍
മിഴി പിടഞ്ഞതീ
നുറുങ്ങു കാര്യത്തിനോ?
ചിന്തകളും,ഏകാന്തതയും
സംഗീതവും, മൗനവും
കൂട്ടായിരുന്നൊരു
കുഞ്ഞുബാല്യം
പുസ്തകത്താളുകളില്‍
പെന്‍സില്‍ ചിത്രങ്ങളെ
മിഴിവുറ്റതാക്കി,
കണ്ണുകള്‍ വിടര്‍ത്തി ഞാന്‍
നോക്കിയിരിക്കുമല്‍പ്പമാ
ചിത്രങ്ങളിലേക്ക്
ഒരിക്കല്‍ അമ്മയും
സഹായിയും
അടുക്കളപ്പുറത്തു 
നിന്നക്കി പ്പറഞ്ഞു
വര നല്ല വര
വരും നല്ലൊരു തലവര!!
ഉത്സാഹം കൊണ്ട്
പുസ്തകത്താളുകള്‍
തികയാതെ യായി!
വരയില്‍ ലയിച്ചൊരു നാളില്‍
അമ്മവിളി കേട്ടുമില്ല
വന്നമ്മ മുന്നില്‍ കോപമായ്
പിച്ചിയേറിഞ്ഞതെന്‍
തലവരയും.


കാലങ്ങള്‍ കൊഴിഞ്ഞു വീണു
കോലങ്ങളും മാറി..



നിറക്കൂട്ട്‌ ചേര്‍ത്ത് ഞാന്‍
വരച്ചു ,വര്‍ഷങ്ങള്‍ക്കു ശേഷം,





ഒരു മന്ദഹാസമെന്നോടു  ചൊല്ലി..
ഓര്‍മ്മിക്കാന്‍ ഒരു നുറുങ്ങു,
ഇന്നോളം മറന്നിടാതെ !!






ഓണം പൊന്നോണം


ചിങ്ങം പിറന്നു
ഓണം ചിരിച്ചു
പൂക്കള്‍ ഉണര്‍ന്നു
മനസ്സുകള്‍ നിറഞ്ഞു
കുയിലുകള്‍ പാടി

ഓണം പൊന്നോണം വന്നേ
ഓണം തിരുവോണം വന്നേ

ഉണ്ണികള്‍ക്കാവേശം
തരുണികള്‍ക്കാമോദം
 കണ്ണുകള്‍ക്കാനന്ദം
കേരളമൊട്ടാകെ
ആഹ്ലാദം പാടി

ഓണം പൊന്നോണം വന്നേ
ഓണം തിരുവോണം വന്നേ

പൂക്കളം നിരന്നു
പകലോന്‍ തിളങ്ങി
നാരികള്‍ ചമഞ്ഞു
ഓണത്തപ്പനോ
നാടുകണ്ടു
നാട്ടു പൂക്കളം കണ്ടു
ഇറയത്തിരുന്നിലയില്‍
സദ്യയും ഉണ്ടുമോദം

കണ്ണന്‍റെ രാധ


ഉണ്ണിക്കണ്ണനിന്നെന്‍റെ
മനസിലെ സങ്കടമായി
കുഞ്ഞു നാളിലെന്നും
കാണുന്ന ചിത്രങ്ങളിലും
വേഷമിട്ടരങ്ങേറുന്ന
ഉണ്ണിക്കണ്ണന്‍മാരിലും
കൗതുകമൂറി കണ്ടിരുന്നു
ഞാനവനെ കണ്ണ് നിറയെ
കണ്ണടച്ചിരുന്നവനെ
വീണ്ടുമോര്‍ക്കുന്നതും
ഇന്നുമോര്‍മ്മിക്കുന്നു
എന്നാലെന്തിനവനെ
കരിനീല ചായം പൂശി
എന്നു തെല്ലു പരിഭവിച്ചു
തീരും മുന്നേ,കണ്ണില്‍ നിറയും
പിന്നെയുമവന്‍ കണ്ണന്‍
മയില്‍പീലിയും,ഓടക്കുഴലും
കണ്ണില്‍ തിളക്കവും
ചൊടിയില്‍ നിറയെ
പുഞ്ചിരിയുമായെന്നി
ലെന്നും നിറഞ്ഞു കണ്ണന്‍
അങ്ങിനെ,
മനസും ഞാനും വളര്‍ന്നു
വാനോളം സ്നേഹം
സ്വപ്നം കണ്ടു മയങ്ങി
കണ്ണനെ തേടി ഞാന്‍ അലഞ്ഞു
അമ്മതന്‍ വിരല്‍ തൂങ്ങി
നാണം മറക്കാത്ത കണ്ണന്‍
രാധയോടൊത്തു നൃത്തം
ചെയ്യുമെന്നുണ്ണി കണ്ണന്‍
അന്നേരം ആദ്യമായ്
എന്നുള്ളുപിടഞ്ഞു ‌
രാധയെവിടെ?
കണ്ണനെമോഹിച്ച
കണ്ണനെ സ്നേഹിച്ച
രാധയുടെ കണ്ണീരാണോ
എന്‍റെ കണ്ണുകളിലൂടുതിര്‍ന്നത്‌
നനവില്‍ കുതിര്‍ന്ന
നൂറു ചോദ്യങ്ങള്‍
എന്നാല്‍
ഒന്നുമറിയാതെ ഉണ്ണികുട്ടന്‍
ഓടിത്തിമിര്‍ക്കയാണ്
ഓര്‍മ്മകളുടെ വസന്തവനിയില്‍....

തമസ്സിന്‍റെ വീഥിയില്‍ ..

പ്രഭാതം എനിക്കെന്തിഷ്ട്ടമാണെന്നൊ!!
പ്രദോഷം എനിക്കേറെ ഭയവും..
എന്നിട്ടുംപ്രഭാതം കാണാനെനിക്കായില്ല
വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നെന്‍
മോഹങ്ങള്‍ക്ക് ചിറകു വിടര്‍ത്താന്‍
സ്വപ്നങ്ങള്‍ അരുതെന്ന് വിലക്കീട്ടും
നിറമണിഞ്ഞു ആശിച്ച രാഗങ്ങള്‍ മൂളി
എകാന്തതക്കും മധുരമുണ്ടെന്നു
ഞാനറിയുകയായിരുന്നു
സ്നേഹത്തിന്‍ പവിഴമുത്തുകള്‍
കാണുന്നവര്‍ക്കൊക്കെ വാരിക്കൊടുത്തു
ആ മുത്തുകളെല്ലാം അര്‍ത്ഥമില്ലാതെ
നിലത്തു വീണെന്‍റെ കാല്‍ച്ചുവട്ടില്‍
തന്നെ വന്നു നില്‍ക്കുകയായിരുന്നു
എങ്കിലും നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍
ബാല്യകൌമാരങ്ങളും,പാതി യവ്വനവും
കാലം കവര്‍ന്നെടുത്തിട്ടും
മനസ്കട്ടിയുള്ള ഇരുമ്പഴികള്‍ക്കുള്ളില്‍
നിന്നും,കനത്ത ഇരുട്ടറക്കുള്ളില്‍ നിന്നും
വെളിച്ചം കണ്ട സന്തോഷം
സ്വയം ആസ്വതിക്കയായിരുന്നു

മിഴിനീര്‍ മൊഴി


മഴയെത്തുമ്പോള്‍മാത്രം

കിന്നരിക്കാനും

കൂടൊരുക്കാനുമെത്തുമീ

സ്വര്‍ണ്ണ തൂണുകളിലെ

കുഞ്ഞിക്കിളിക്കൂട്ടങ്ങള്‍ക്കും

മുറ്റത്തെ കട്ടമുല്ലച്ചോട്ടിലെ

കുഞ്ഞിളം കാറ്റിനും

മൂന്നര വയസുകാരന്‍

മൂവാണ്ടന്‍ മാവിനും

എന്നോട് തെറ്റിപ്പിരിഞ്ഞു

അവിടങ്ങിവിടങ്ങായി

ചിതറിപ്പൂക്കുന്ന

പത്തുമണിപ്പൂക്കള്‍ക്കും

അവളോട്‌സ്നേഹം

കുറഞ്ഞെന്ന മട്ടില്‍പരിഭവിക്കും

നാലുമണിപ്പൂക്കള്‍ക്കും

നാലുവയസു കൊണ്ടൊരു

പൂക്കുല മാത്രം നല്‍കി

ചില്ലിട്ട ജാലകതിന്നപ്പുറമെന്നെ

നോക്കി കണ്ണിറുക്കും

ജാഡക്കാരി

കണിക്കൊന്നക്കുംനടുവില്‍

ഓര്‍മ്മകളുടെ ചായക്കൂട്ട്

പടര്‍ന്നൊഴുകിയൊലിക്കും

വേദനയൊളിപ്പിച്ചു

വെറുതെ മന്ദഹസിക്കുന്നെന്‍റെ

ദിനരാത്രങ്ങള്‍. ‍.

ഓടിത്തളര്‍ന്ന കാലവും

തേടിത്തളര്‍ന്ന മനസും

പിന്നെയും ഓടുന്നു

എങ്ങോട്ടെന്നില്ലാതെ

കാലംഎനിക്ക് വെച്ച്നീട്ടിയ

സ്നേഹം

എന്നുള്ളിലലിഞ്ഞിരിക്കെ,

അന്യതയുടെ മുള്‍മുനകള്‍

ഹൃദയത്തെ അനാധമാക്കുന്നുവീണ്ടും..

ഇതെന്‍"മിഴിനീര്‍ മൊഴി"

Related Posts Plugin for WordPress, Blogger...