നീ

കൊഴിഞ്ഞൊരു ദിനം
കണ്ണുകള്‍ നിറഞ്ഞ നീലിമ
പാടം നിറയെ പൂത്ത
വാഴപ്പൂക്കള്‍ തന്നുടെതു

പേര് നീ ചൊല്ലി യന്നു
മിഴികള്‍ വിടര്‍ന്നു സുസ്മിതം
ഒരുകുല പ്പൂക്കള്‍ നീട്ടവേ
സ്വന്തമെന്ന സായൂജ്യമറിഞ്ഞു ഞാന്‍

ആകാശം നിറഞ്ഞ  നീലിമ
മനസ്സ് നിറഞ്ഞത്‌ പോലെ
നിന്‍  പുഞ്ചിരിയില്‍ പകലുകള്‍
ആദ്യമായ് ശോഭിതമായെന്നില്‍

കാലം കൊഴിഞ്ഞു വീണപ്പോള്‍
എന്തിനെന്നറിയാതെ നീയകന്നും പോയ്‌
വിജനമാം വിദൂരതയില്‍
കണ്ണുംനട്ടു ഞാനിന്നേകയായ്

മഴ വന്നു വെയില്‍ വന്നു പോയ്‌
പാടം കവിഞ്ഞു വരണ്ടു പോയ്‌
ഒരു ഗദ്ഗദം ഞാനറിയുന്നു
നീയില്ലാത്ത പകലുകളിലെയന്യത

.ഈ യാത്ര

ഇനിയുമീ യാത്ര തുടരേണം ഞാന്‍
നിനക്ക് വേണ്ടി മാത്രം ഉണ്ണീ

പുകഞ്ഞു കത്തും ബോധതലങ്ങളും
മടുത്ത മനസ്സിന്‍ ഏടുകളും

പിളര്‍ന്ന ഹൃദയത്തില്‍ ശൂന്യതയും പേറി
ഇനിയുമീ യാത്ര തുടരേണം ഞാന്‍

സനാഥയായിട്ടും അനാഥയായ്
നിന്ദകളേറ്റുവാങ്ങി

പഴികളുടെ കൂര്‍ത്ത മുനകളില്‍
കോര്‍ത്തു ‌ ഹൃദയവും

ഇനിയുമീ യാത്ര തുടരേണം ഞാന്‍

കാരുണ്യവും സ്നേഹവും കൈപ്പറ്റി
കനിവുപൊലുമില്ലെനിക്കു സ്നേഹവും

കാലമെനിക്ക് നല്‍കുന്നു നിറകയ്യാല്‍
വിറപൂണ്ട മനസ്സില്‍ നീയും പടിയിറങ്ങി

ഇനിയും യാത്ര തുടരേണം ഞാന്‍..

മണല്‍ തീരം പറഞ്ഞത്

മണല്‍ തീരം ശാന്തമാണ്.‌. 'ശാന്തമായൊരു മൂകതയില്‍ "തിരമാലകള്‍ .വായാടിയെപ്പോലെ കഥയില്ലാത്തൊരു പെണ്ണായി .....അറ്റമില്ലാത്ത  കടലിലേക്ക്‌  കണ്ണുകള്‍  അറ്റം  തേടി  നീങ്ങിക്കൊണ്ടിരുന്നു .  അവളുടെ ഹൃദയതാളം കാറ്റിനൊപ്പം തിരകളിലെത്തി കടലിനൊപ്പം തുള്ളിക്കൊണ്ടിരുന്നു..  അയാളുടെ നിശ്വാസം കവിളില്‍ പതിഞ്ഞപ്പോള്‍
...അവളുടെ ഈറന്‍ കണ്ണുകള്‍  അവളറിയാതെ അടഞ്ഞു .ഒരു വിറയലോടെ കൈകള്‍ മണല്‍ തരികളില്‍ പരതി....അയാളുടെ സ്പന്ദനം തന്നിലേക്ക്  കുറ ച്ചുകൂടി യടുത്തെങ്കില്‍  എന്നവളുടെ  കവിളിലേക്കു പടര്‍ന്നുകയറിയ  "മോഹം"  തിടുക്കം കൂട്ടി.അയാളുടെ ചുണ്ടുകള്‍ അപ്പോള്‍ അവളുടെ കവിളുകളില്‍ മൃദുവായമര്‍ന്നു..  കാതുകളില്‍ അയാളുടെ സ്നേഹ മന്ത്രങ്ങള്‍.പിറ് പിറുത്തു..അവളെ അമര്‍ത്തി ചുംബിച്ചു കൊണ്ടയാള്‍ തുടര്‍ന്നു.."നീയില്ലാതെ"  'നിന്‍റെ സ്നേഹമില്ലാതെ'...     എനിക്ക് വയ്യ..നീ  എന്‍റെതു   മാത്രമാണ്..

അയാളുടെ സ്വരം ഇടറി..കടപ്പടുകളുടെയും ,ഉത്തരവാദിത്ത്വങ്ങളുടെയും   നീര്‍ചുഴിയിലേക്കയാള്‍     പെട്ടെന്ന് വഴുതിവീണു.. മനസ്സ് ഞെരുങ്ങിയപ്പോള്‍ അയാള്‍ക്ക്‌ ശ്വാസം മുട്ടി..എന്‍റെ പ്രണയം ഓര്‍മ്മത്താളുകളിലേക്ക്  അടര്‍ന്നു വീഴാറായി നില്‍ക്കുകയാണോ?

എന്‍റെ പ്രണയിനി ,എന്‍റെ ചുംബനം കൊണ്ട് മോഹങ്ങളുടെ  പട്ടുമെത്തയില്‍ എന്നോടൊപ്പം ശയിച്ചവള്‍.. എന്നിലില്ലാതാവുമോ  ?അയാളുടെ ബോധ തലം ചൂടുപിടിക്കുകയായിരുന്നു

ഈ എരിഞ്ഞടങ്ങും നേരത്ത് എന്നിലേക്ക്‌ പറ്റിചേര്‍ന്നിരിക്കുന്ന ഇവളെ ഞാന്‍ ഏതു കൊട്ടാരത്തിലെക്കാനയിക്കണം..മോഹങ്ങളും  യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വാക്കേറ്റമായി..

അയാള്‍ക്ക്‌ അവളെ മുഴുവനായി തന്നിലെക്കലിയിക്കാന്‍ തോന്നി..ആരും കാണാതെ തന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമായോളിപ്പിക്കാന്‍    തോന്നി...        


അയാളുടെ മൗനം അയാളെ സ്വയം പഴിക്കാന്‍ തുടങ്ങി.....ത്ഴുകിയകലുന്നത്   ഉഷ്ണക്കാറ്റാ ണല്ലോ?.. അയാള്‍ വിയര്‍പ്പില്‍ അസ്വസ്ഥനായി..

സൂര്യന്‍ കടലിനിടിയിലെ   സ്വപ്ന കൊട്ടാരത്തിലേക്ക് താഴാന്‍ തുടങ്ങി...സ്വപ്നങ്ങള്‍ കണ്ടു മയങ്ങാന്‍..

അവരുടെ മോഹങ്ങളുടെ ചരടഴിഞ്ഞു വീണപ്പോള്‍ ..അവളുടെ കുപ്പിവളകള്‍ പൊട്ടി അയാളുടെ നെഞ്ചിലമര്‍ന്നു,,

അയാളുടെ നെഞ്ചിലെ ദുഃഖങ്ങള്‍ വികാരങ്ങളുടെ കുത്തൊഴുക്കില്‍ പെട്ടു..അവളുടെ മുത്തുമാല പൂഴിമണലിലേക്ക്   പൊട്ടി വീണു ചിതറി...

വീശിയകന്ന ഉഷ്ണക്കാറ്റില്‍ ദുഖങ്ങളും കണ്ണുനീര്‍ത്തുള്ളികളും     അലിഞ്ഞലിഞ്ഞില്ലതെയായി...

ഒടുവില്‍ നിശ്വാസങ്ങള്‍ മാത്രം കേള്‍ക്കനായപ്പോള്‍ മണല്‍തരികളില്‍ അഴിഞ്ഞുകിടന്ന അവളുടെ മുടിയിഴകളില്‍ മുഖം ചേര്‍ത്തയാള്‍   തളര്‍ന്നു മയങ്ങി...

കടലിനടിയിലെ കൊട്ടാരം അവര്‍ക്കായി തുറക്കുകയായിരുന്നു..മുത്തുകളും വൈരങ്ങളും പതിച്ച ഉടയാടകള്‍ അണിഞ്ഞു  തന്‍റെ പ്രണയിനി..അവളുടെ പുഞ്ചിരിയില്‍ അയാള്‍ ചുണ്ടുകള്‍ അമര്‍ത്തി..ഇറുകെ പുണര്‍ന്ന കൈകളില്‍ ഒരു ശൂന്യത..അയാള്‍ ചാടിയെഴുന്നേറ്റു

കൂരിരുട്ടില്‍ തപ്പിത്തടഞ്ഞു.. പാതിമറഞ്ഞ നിലാവിന് മങ്ങിയ വെട്ടം.അയാള്‍ക്ക്‌ വഴിമുട്ടി....അയാള്‍ ചുറ്റും പരതി..പൊട്ടിയ വളപ്പൊട്ടുകളും മുത്തുകളും..മണല്‍ തരികളോടൊപ്പം    അയാളുടെ കൈകളിലിരുന്നു   വിറച്ചു...അയാള്‍ ഒരു ഭ്രാന്തനെപ്പോലെ ആര്‍ത്തിരമ്പുന്ന കടലിനെ ലക്‌ഷ്യം വെച്ചു.....


അയാളുടെ കാതുകളില്‍ അവളുടെ പൊട്ടിച്ചിരി മുഴങ്ങി..തന്‍റെ കരവലയത്തിലമര്‍ത്തി അയാള്‍ അവളെ തഴുകികൊണ്ടിരുന്നു..
ഏകാന്തതയുടെ തടവുകാരി

അശ്രദ്ധയാണെന്‍റെ  നാശം
മറവിയാണെന്‍റെ    വിപത്ത്
കോപ മാണെന്‍റെ  ദൂഷ്യം
മുനയുള്ളമൊഴികളാണെന്‍റെ  ദോഷം
അക്ഷമയാണെന്‍റെ  ശത്രു
അറ്റമില്ലാ  ചിന്തകളാണെന്‍റെ  മിത്രം


ഓര്‍മ്മകളാണെന്‍റെ ശാപം
ദുര്‍ബല മനസ്സാണെന്‍റെ  തോല്‍വി
നഷ്ട്ടങ്ങളാണെന്‍റെ ഗദ്ഗദം
നിന്ദയാണെന്‍റെ പ്രതിഫലം
സ്നേഹമാണെന്‍റെ ദുഃഖം
കണ്ണുനീരാണെന്‍റെ   വിധി

പുഞ്ചിരിയുടെ മുഖപടമണിയും
ഞാന്‍, "ഏകാന്തതയുടെ തടവുകാരി"

തത്തമ്മ

ഇത്  മൂന്നാം  തവണയാണ് ,ഞാന്‍  പച്ച  തത്തയെ  വാങ്ങുന്നത് ..തത്തയ്ക്ക് സ്നേഹമില്ലെന്നും ,വര്‍ഷങ്ങള്‍ വളര്‍ത്തിയാലും സ്നേഹത്തോടെ ഒരു നന്ദി വാക്ക് പോലും പറയാതെ അവ പറന്നു പോകുമെന്നും പലരും എന്നോട് പറഞ്ഞു..എന്നിട്ടും ഞാന്‍ വീണ്ടും തത്തമ്മയെ വാങ്ങി സ്നേഹത്തോടെ നോക്കി..നല്ലൊരു പേരിട്ടു..ഞാന്‍ കൊന്ജിച്ചു അപ്പോഴൊക്കെയും കണ്ണുരുട്ടിയാണ്    കൂട്ടുകാരന്റെ നോട്ടം.

.എന്നെ കാണുമ്പോഴേ കൂടിന്റെ മുകളിലേക്ക് പറന്നു പോകും.ഒരു ദിവസം കണ്ണനെയും കൂട്ട് വിളിച്ചു അവനെ ഒന്നെടുത്തു മടിയില്‍ വെച്ച് തലോടി ഇണക്കിയെടുക്കാന്‍   ഞാന്‍ തീരുമാനിച്ചു..കണ്ണന്‍ പഠിച്ച പണിയൊക്കെ നോക്കീട്ടും തത്തമ്മയെ കൂട്ടില്‍ നിന്നും എടുക്കാന്‍ ആയില്ല..അങ്ങിനെ കണ്ണന്റെ അമ്മയെ വിളിക്കാമെന്നും ..അമ്മക്ക് നല്ല ധൈര്യമാനെന്നും ..കണ്ണന്‍  എന്നോട് പറഞ്ഞു..അങ്ങിനെ ബിന്ദു വന്നു..കൂട് തുറന്നു..വളരെ സമര്‍ത്ഥമായി തത്തമ്മയെ പിടിച്ചു എന്റെ കയ്യിലേക്ക് തന്നിട്ട് ബിന്ദു സ്ഥലം വിട്ടു..

ഇനിയാണ് അങ്കം. തത്തമ്മയും ഞാനും കൂടി ഒരു മല്പിടുതമായിരുന്നു..തത്തമ്മക്ക്   എന്നെ കൊത്തണം എനിക്ക് അവനെ ഇണക്കിയെടുക്കണം,   സ്നേഹിക്കണം..'നടന്നില്ല' ..'രണ്ടും നടന്നില്ല.    അവസാനം തത്തമ്മയെ കൂട്ടിലെക്കിട്ടു രണ്ടു ചീത്ത പറഞ്ഞു ഞാന്‍ വീടിനുള്ളിലേക്ക് വലിഞ്ഞു.അടുത്ത ദിവസം ഒന്ന് കൂടി പരിശ്രമിക്കാന്‍ ഞാന്‍ തയ്യാറായി..ബിന്ദു 'ലാസ്റ്റെ ലാസ്റ്റ്'..എന്ന് പറഞ്ഞു വന്നുവളരെ എളുപ്പത്തില്‍ എടുതെന്റെ കയ്യിലേക്ക് വീണ്ടും തന്നു..വീണ്ടും അവനും ഞാനും ഇടിയായി..ഒന്ന് രണ്ടു തവണ എനിക്കവനെ തലോടാനായി..ഒരു തവണ കൂടി ശ്രമിച്ചപ്പോ അവന്‍ എന്റെ നെഞ്ചില്‍ ഒരാന്ഞ്ഞു കൊത്ത്..ഭാഗ്യം കൃഷ്ണമണി കൊത്തി പറിക്കാഞ്ഞത് ..

ഹൂ എന്തൊരു വേദന..ചോരയും വന്നു.

ഹോ...ഈ സാധനത്തിനും...മനസ്സിലായില്ലല്ലോ.എന്റെ നെഞ്ച് നിറയെ സ്നേഹമായിരുന്നെന്നു...അതോടെ എനിക്ക് സങ്കടമായി..കൂട്ടിലേക്ക് തിരികെയിടാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍..എന്റെ മനസ്സ് പറഞ്ഞു

.ഇവന്‍പോയ്ക്കൊള്ളട്ടെ ,ഇവന്‍ ആഗ്രഹിക്കുന്നതും അത് തന്നെ ആവാം..ഞാന്‍ തത്തമ്മയെ പറത്തിവിട്ടു ..വിണ്ണിലേക്ക്   ..

'അവന്‍'

..ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല..ഒരു വാക്കും മിണ്ടിയില്ലാ..എന്‍റെ കണ്ണുകളില്‍ കണ്ണീരും നെഞ്ചില്‍ പരിഭവവും നിറഞ്ഞു.

പക്ഷെ ഒരു നിമിഷം ..ഒരു നിമിഷം ഞാന്‍ തിരിഞ്ഞു നടന്നു..കഴിഞ്ഞ തവണകളിലെ   പോലെ പറന്നുപോയ ദിക്കിലേക്ക് കണ്ണും നട്ടു നിന്നില്ല..അതിന്‍റെ സന്തോഷം     അതാണ്‌ .. എന്‍റെ സ്നേഹത്തില്‍ നിറയുന്നത് അവന്റെ പാരതന്ത്ര്യം   ‌.ആണെന്ന് ഞാന്‍ മനസ്സിലാക്കി...

തൊട്ടാ വാടി
ഇന്നലെ കണ്ടപ്പോള്‍
നീ സന്തോഷവതി
തൊട്ടില്ല ഞാന്‍നിന്നെ
പിണക്കാതെയകലം നിന്നു
നിന്‍ ചിരിയിലെന്‍ മിഴി വിടര്‍ന്നു
എന്നിട്ടും നീയെന്നെ സ്നേഹിച്ചതില്ല


ഇന്ന് കണ്ടപ്പോള്‍
നിന്‍ മിഴി കൂമ്പിയിരുന്നു
അരികില്‍ വന്നു തഴുകവെ
നീയെന്നെ നോവിച്ചു.
ഒരു തുള്ളി രക്തം
എന്‍ വിരല്‍ തുമ്പില്‍
ന്നിറ്റു  വീണു നിന്‍ കാല്‍ച്ചുവട്ടില്‍
എന്നിട്ടും നീയെന്നെ സ്നേഹിച്ചതില്ല

കൂട്ടുകാരി നിനക്കായ്-3

നീ വരുവോളം
...............................
ഏതാണ്ട് തുല്യ ദുഖിതരായിരുന്നു ഞാനും സബിയും...സന്തോഷങ്ങളും അവയുടെ വരവും പോക്കും , 'നമുക്കൊരുപോലെയണല്ലോ  സബീ'  എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍,എന്‍റെ ചോദ്യത്തിനവളുടെ മറുപടി,'എന്‍റെ ഇരട്ടസഹോദരിയാണ്' 'നീ ' എന്നായിരുന്നു.  ഞാന്‍ ചിരിച്ചു കൂടെ  അവളും...

വിദ്യാലയത്തിന്‍റെ ആദ്യകാല  ഓര്‍മ്മകള്‍ ഞാന്‍ ചികഞ്ഞെടുക്കുമ്പോള്‍  എനിക്ക് ചിരിയും  സങ്കടവും  വരും .

"ദൈവമേ" ഇതാരാ കുട്ടീടെ...? ടീച്ചറിന്റെ  ബലം പിടിച്ചുള്ള ചോദ്യം,
 'അനിയത്തി'.
ആട്ടെ.. ചേച്ചി ഏതു ക്ലാസ്സില്‍ ആണ് പഠിക്കുന്നെ....?
 'ആറില്‍' ‍...ഇത്തയുടെ കഷ്ട്ടപ്പെട്ട മറുപടി .കൂട്ടത്തില്‍ എന്നെ ദഹിപ്പിക്കുന്നപോലൊരു നോട്ടവും..
 "ടീച്ചര്‍" ,      ഈ കുട്ടിയെ എന്തിനാ ഇങ്ങോട്ട് വിടുന്നെ..?
ഇങ്ങോട്ട്  തള്ളിയിട്ടു പോകുമ്പോള്‍ ..ആ നിമഷം മുതല്‍
,.. കുട്ടി നിലത്തു കിടന്നുരുളും. എന്‍റെ ടസ്ക്കിനു  ചുറ്റും ഉരുണ്ടുകിടന്നാ പിന്നെ കരയാ..., 'ഒരടി എങ്ങാനും കൊടുത്താല്‍'  കുട്ടി പിന്നെ വഷളായി..എന്‍റെ സാരിക്ക് പിടിച്ചു വലിച്ചു കരയും ..

ഇങ്ങനെ തന്നെയാണോ വീട്ടിലും...?
ടീച്ചര്‍ ദേഷ്യത്തിന്റെ ചരടൊന്നു മുറുക്കി ..

"അല്ല"......
പാവം ഇത്തയുടെ സഹനം കരയുമെന്നായി..
ഇത്രേം കാലം ഞാന്‍ പഠിപ്പിച്ചിട്ടു..ഇത് പോലോരെണ്ണത്തിനെ     ഞാന്‍ കണ്ടിട്ടേയില്ല..ടീച്ചര്‍ തുടര്‍ന്നു.
ഇത്തയുടെ ദേഷ്യം എന്‍റെ ചെവിയില്‍ മൃദംഗം വായിച്ചു..കൂടെ ചന്തിക്ക് ഒരു നുള്ളും.

"ഹോ' നല്ല വേദന ..പതിവുകള്‍ ഇങ്ങിനെ തുടര്‍ന്നു..

ഒരിക്കല്‍ സ്കൂള്‍ ബസ്സില്‍ വെച്ച് സുന്ദരിയായൊരു ലേഖ കുട്ടി..എന്നോട് പറഞ്ഞു..
"കുട്ടി ഈ വര്ഷം തോല്‍ക്കും"
"അടുത്ത വര്‍ഷം ഞങ്ങള്‍ രണ്ടില്‍" ..താന്‍ വീണ്ടും ഒന്നില്‍..
കൂടെ ഇരുന്ന മാക്കാച്ചി കുട്ടികള്‍ പല്ലിളിച്ചു ചിരിച്ചു..എന്‍റെ ഉള്ളില്‍ അപ്പൊ ഉണ്ടായ വികാരം ഇന്നും ഞാന്‍ ഓര്‍ക്കുന്നു..ദേഷ്യമല്ല..ഒരു തരം സങ്കടം.

അന്ന് മുതല്‍ ഞാന്‍ വിദ്യയിലും ,കലയിലുമൊക്കെ ഇത്താത്ത കുട്ടികളെ വെട്ടിച്ചു..എന്നാല്‍..
'വീട്ടിലെ സ്നേഹം കൊതിച്ചിട്ട് കാര്യമില്ലാത്തതുപോലെ' ..ആരും അത്   കാണാനുണ്ടായില്ല   ‍..?

പക്ഷെ  അധ്യാപകരും ,കുട്ടികളും ,..തോളില്‍  തട്ടിയും ..ചിരിച്ചു കൊണ്ട് കയ്യില്‍ പിടിച്ചു പ്രോത്സാഹനം തുടര്‍ന്നു..
അതോടൊപ്പം 'മനസ്സിലെ  മോഹങ്ങളുടെ പുഴയില്‍ ആനന്ദത്തിന്‍ നീരൊഴുക്ക്'..എന്തൊരു കുളിര്‍മ്മയായിരുന്നു അന്നൊക്കെ എനിക്കത് നല്‍കിയിരുന്നത്..

'എന്‍റെ 'രണ്ടാം തരം', അതെന്നെ എന്‍റെ മനസ്സിന്റെ ഒരു ചില്ലപ്പുറത്തിരുന്നു   "കോക്രി"   കാട്ടി ഇടക്കൊക്കെ.

ഇത്രേം പ്രായം ആയിട്ടും എനിക്ക് ശുണ്ടിയും ,സങ്കടവും,എന്തെങ്കിലുമെടുത്തു   ആ ചില്ലക്കോരേറു    കൊടുക്കാനും തോന്നും അപ്പോഴൊക്കെയും .

ഒന്നാം തരത്തില്‍ രണ്ടാമതിരുന്നു പഠിച്ചപ്പോള്‍ ഞാന്‍ നല്ല കുട്ടിയായി.എന്നത് പറയേണ്ടതില്ലല്ലോ.

അതിനെന്നെ തുണച്ച
 ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്..

ലേഖകുട്ടിയുടെ വാകുകളെയും ഞാന്‍ സ്നേഹത്തോടെ ഓര്‍ത്തുപോകും പലപ്പോളും ..

രണ്ടാം തരം കാലെടുത്തു വെക്കാന്‍ ഉത്സാഹത്തോടെ നിന്നപ്പോഴാണ്..എന്‍റെ "ഉമ്മാമ്മയുടെ വരവ്"
ഉപ്പാപ്പയുടെ പെട്ടെന്നുള്ള മരണം ആകെ തളര്‍തിയിട്ടും,'ഉമ്മാമ്മ ' കൈ നിറയെ പലഹാരങ്ങളും,
പിന്നെ കുപ്പി വള, മുത്തുമാല ..,ആവണക്കെണ്ണയില്‍  ശീലമുക്കി ചട്ടിക്കരിയാക്കി  എടുക്കുന്ന നല്ല ഒന്നാന്തരം നാടന്‍ കണ്മഷിയും ഒക്കെ ആയി ഏറണാകുളത്തു   നിന്നും 'മുന്നാറ്റിലേക്ക്'   വന്നു .ക്ഷീണമകറ്റാന്‍   പാവത്തിന് സമയം കൊടുക്കാതെ കുട്ടിപട്ടാളം ഉമ്മാമ്മക്ക് ചുറ്റും നിരന്നു.

എന്നാലും  ഒരു അധ്യാപികയും കൂടിയായിരുന്ന ഉമ്മാമ്മ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.സ്നേഹത്തോടെ ഉമ്മാമ്മ ഞങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ക്ക്    നിഷ്കളങ്കമായി മറുപടിതന്നു..പട്ടണ വിശേഷങ്ങള്‍ കേട്ട് ഞങ്ങള്‍ ഉമ്മാമ്മയുടെ അടുതിരിക്കുമ്പോ ഉമ്മാമ്മയെന്നെ എടുത്തു മടിയില്‍ വെച്ചു. സ്നേഹത്തോടെ തലോടി..എനിക്ക് സ്നേഹം തന്നത് ഉമ്മാമ്മയാണെന്നും ,അണിയാന്‍ പുത്തനുടുപ്പുകള്‍ വാങ്ങിത്തരികയും,സിനിമക്കും പര്‍ക്കിലുമൊക്കെ കണ്ടു പോകുകയും,ചെയ്യുന്ന സ്നേഹമയി രൂപം എന്നില്‍ ഉമ്മാമ്മയാണെന്നും   പില്‍ക്കാലത്ത്‌ ഞാന്‍ എന്‍റെ വീട്ടന്ഗങ്ങളുടെ മുന്നാകെ  തുറന്ന ഒരു ഹൃദയത്തോടെ,ഒഴുകുന്ന കണ്ണീര്‍ തുടച്ചു എണ്ണിയെണ്ണി പ്പറഞ്ഞു...അതിന്റെ പരിണിത ഫലം എനിക്ക് അവരില്‍ നിന്ന്   ചില പരിഗണനകളൊക്കെ തന്നു കൊണ്ടിരുന്നു.

ഉമ്മചിയോടു ,ഉമ്മാമ്മ പറഞ്ഞു..

എടീ ,നിന്റെ ഇളയവളെ എന്‍റെ കൂടെ അയക്കണം ..ഈ വര്‍ഷം അവള്‍ അവിടെ പഠിക്കട്ടെ..
'ഈ അവസ്ഥയില്‍ എനിക്കൊരു ആശ്വാസത്തിന്'..സ്കൂളില്‍ പൊയ് തിരികെ വരുമ്പോ.ഇച്ചിരി വെള്ളമോ,മരുന്നോ ഒക്കെ എടുത്തു തരാന്‍ അടുതുണ്ടാകുമല്ലോ..

എല്ലാം കേട്ട് അടുത്ത് നില്‍ക്കുമ്പോള്‍.സങ്കടം കൊണ്ടെന്റെ നെഞ്ചില്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടായി.എനിക്കെന്റെ ഉമ്മച്ചിയും സഹോദരങ്ങളെയും പിരിഞ്ഞു നില്‍ക്കുന്നത് ആലോചിക്കാന്‍ പോലും വയ്യായിരുന്നു..

എന്‍റെ സങ്കടം കണ്ടു .ഉമ്മാമ്മക്ക് സംശയം ഇവള്‍ വരില്ലേ എന്ന്..ഉടനെ,ഇത്തക്കുട്ടികള്‍ ഓടിവന്നു.

ടീ," പാവം ഉമ്മാമ്മ നീ പോ കൂടെ".

"അയ്യെടാ ഈ പറയുന്നോര്‍ക്കങ്ങു പോയാല്‍ പോരെ"..മനസ്സില്‍ കിടന്നുരുണ്ടാതല്ലാതെ പുറത്തു വന്നില്ല ഒന്നും അന്നേരം..

ഉരുളന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍     കൂടെ, കുളു കുളാ ന്നോഴുകുന്ന വെള്ളത്തില്‍ കയ്യിട്ടു
വെള്ളാരം കല്ലുകള്‍  പെറുക്കിയെടുത്തു മടിയില്‍ പെറുക്കികൂട്ടുമ്പോ,സബി ചോദിച്ചു..

ഞാനും വരട്ടെ നിന്റെ കൂടെ...?സബിയെ പിരിയുന്നത് എനിക്കപ്പോള്‍ എന്തോ. വലുതായി തോന്നിയില്ല
"ഉമ്മച്ചിയെ കാണാതെ" എങ്ങിനെ ?..എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.ആറ്റിലെ വെള്ളത്തിലൂടോലിച്ചു  പോയി..

എന്താ ..നീ മിണ്ടാതെ..? അവള്‍ ചോദിച്ചു.

അതിനു നിന്റെ അമ്മ ,അപ്പ സമ്മതിക്കുമോ?ഞാന്‍ ചോദിച്ചു.
 അവള്‍ എന്നെ സങ്കടത്തോടെ നോക്കി നിന്നു..അവളുടെ മടിയില്‍ നിന്നു വെള്ളാരം കല്ലുകള്‍ ..ഉരുണ്ടു ആറ്റിലേക്ക് തെറിച്ചു വീണു.മുഖത്തേക്ക്   തെറിച്ച വെള്ളം അവള്‍ കൈകൊണ്ടു തുടച്ചു എന്‍റെ അരികിലേക്ക് വന്നു .


അപ്പൊ ഒരു വര്‍ഷം കഴിഞ്ഞാ നീ വരണേ?  അവളുടെ സങ്കടം കണ്ണുകളില്‍ നിറഞ്ഞു..

"ഉം "..ഒരു ഉറപ്പോടെ ഞാന്‍  മൂളി

അപ്പൊ ,.അപ്പൊ ഈ പാറപ്പുറത്തിനിയെന്നും     ഉച്ചക്ക് ഞാന്‍ ഒറ്റക്കിരുന്നു ചോറുണ്ണണം   അല്ലെ..?അവള്‍ ചോദിച്ചു
വേണ്ട .. നീ ഉണ്ണുമ്പോ നിനക്കൊപ്പം  ഞാനും ഉണ്ടാവും ഇവിടെ.
"അതെങ്ങിനെ"?

അതങ്ങിനെയാ..

ഇങ്ങനെയുള്ള എന്‍റെ സംസാരത്തിനെ സബിയോഴിചെല്ലാവരും "പ്രാന്ത്"എന്നാണു വിളിച്ചിരുന്നത്‌..

നൂറു കൂട്ടം ചോദ്യങ്ങളും കിട്ടാത്ത ഉത്തരങ്ങളുമായി നില്‍ക്കുമ്പോ..വീട്ടിലേക്കു പോകാന്‍ സ്കൂള്‍ ബസ്‌ തയ്യാറെടുത്തു തുടങ്ങി...ഞാനും സബിയും ബസ്സിനടുതെക്കോടി..(തുടരും )

Related Posts Plugin for WordPress, Blogger...